പാലക്കാട്: ജമ്മു കാശ്മീരില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഇതില്‍ നാലുപേരും മലയാളികളാണ്. സോനം മാര്‍ഗിലേക്ക് പോകുകയായിരുന്ന കാര്‍ ശ്രീനഗറിലെ സോജില പാസിനടുത്ത് വച്ച് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.പാലക്കാട് ചിറ്റൂർ സ്വദേശികളായ 4 വിനോദസഞ്ചാരികളും കശ്മീർ സ്വദേശിയായ ഡ്രൈവറുമാണ് മരിച്ചത്. പരുക്കേറ്റ 3 പേരിൽ ഒരാളുടെ നില ഗുരുതരമാണ്. ശ്രീനഗർ–ലേ ഹൈവേയിൽ ഇന്നലെ വൈകിട്ടു നാലരയോടെയാണ് അപകടം. സുഹൃത്തുക്കളും അയൽക്കാരുമായ, ചിറ്റൂർ നെടുങ്ങോട് രാജേന്ദ്രന്റെ മകൻ അനിൽ (34), സുന്ദരന്റെ മകൻ സുധീഷ് (33), കൃഷ്ണന്റെ മകൻ രാഹുൽ (28), ശിവന്റെ മകൻ വിഘ്നേഷ് (22) എന്നിവരാണു മരിച്ചത്. കാർ ഡ്രൈവർ ശ്രീനഗർ സത്റിന കൻഗൻ സ്വദേശി ഐജാസ് അഹമ്മദ് ഐവാനും (25) മരിച്ചു.
മനോജ് എം.മഹാദേവ് (25), അരുൺ കെ.കറുപ്പുസ്വാമി (26), രാജേഷ് കെ.കൃഷ്ണൻ (30) എന്നിവർക്കാണു പരുക്ക്. ഗുരുതര പരുക്കേറ്റ മനോജിനെ സൗറയിലെ എസ്‌കെഐഎംഎസ് ആശുപത്രിയിലേക്കു മാറ്റി. മറ്റു രണ്ടു പേരും സോനാമാർഗ് സർക്കാർ ആശുപത്രിയിലാണ്. മരിച്ച രാഹുലിന്റെ സഹോദരനാണു പരുക്കേറ്റ രാജേഷ്.
കശ്മീരിലേക്ക് യാത്രതിരിച്ച സംഘം സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ ഓരോന്നായി ഫോട്ടോകളായും വാട്‌സാപ് സ്റ്റാറ്റസുകളായും സുഹൃത്തുക്കളിലേക്കെത്തിച്ചിരുന്നു. താജ്മഹലിനുമുന്നില്‍നിന്നടക്കം സംഘം ഒരുമിച്ചുനില്‍ക്കുന്ന ഫോട്ടോയെടുത്ത് അയച്ചു. കശ്മീരിലെ മഞ്ഞുമൂടിയ പ്രദേശങ്ങളിലൂടെ നടക്കുന്നതും സന്തോഷസന്ദേശങ്ങളായെത്തി. ആഘോഷക്കാഴ്ചകള്‍ തീരാനഷ്ടങ്ങളിലേക്ക് വഴിമാറിയതിന്റെ വേദനയിലാണ് മരിച്ച യുവാക്കളുടെ സുഹൃത്തുക്കള്‍. പലര്‍ക്കും മരണം വിശ്വസിക്കാനായില്ല. വിവരമറിഞ്ഞയുടന്‍ രാത്രിതന്നെ ദൂരദിക്കുകളില്‍നിന്നുവരെ കൂട്ടുകാര്‍ യുവാക്കളുടെ വീടുകളിലെത്തി.
ചിറ്റൂരിൽ നിന്നുള്ള 13 പേരുടെ സംഘം നവംബർ 30നാണ് ട്രെയിനിൽ പുറപ്പെട്ടത്. സുഹൃത്തുക്കൾ ചേർന്നു ചിട്ടി നടത്തിയാണ് തുക സ്വരൂപിച്ചത്. 5 വർഷമായി ഇവർ ഇത്തരത്തിൽ യാത്ര പോകാറുണ്ട്.
മുന്‍കാലങ്ങളില്‍ ലഡാക്കിലേക്കും ഗോവയ്ക്കുമെല്ലാം കൂട്ടുകാരൊന്നിച്ച് വിനോദയാത്രയ്ക്ക് പോയിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ”പലരും കൂലിപ്പണിയടക്കമെടുത്ത് ജീവിക്കുന്നവരാണ്. വര്‍ഷത്തിലൊരിക്കല്‍, ഒരു സന്തോഷത്തിനാണ് ഇങ്ങനെ യാത്ര നടത്തുന്നത്. ”-പ്രദേശവാസികള്‍ പറഞ്ഞു.
ജനിച്ച് ദിവസങ്ങള്‍മാത്രമായ തന്റെ കണ്‍മണിയെ കണ്ടു കൊതിതീരുംമുമ്പാണ് അനില്‍ യാത്രയായത്. രണ്ടാഴ്ചമുമ്പായിരുന്നു മകളുടെ 56-ാം ദിവസത്തെ ചടങ്ങ്. നാലുവയസ്സുകാരനായ അശ്വിനാണ് മൂത്തമകന്‍. പ്രസവത്തിനായി നെന്മാറയിലെ വീട്ടിലേക്ക് പോയ ഭാര്യ സൗമ്യയെയും കുട്ടികളെയും വിളിച്ചുകൊണ്ടുവരുന്നതിന് മുമ്പാണ് അനിലിന്റെ വേര്‍പാട്.
കുട്ടിക്കാലത്തേ, അച്ഛനെ നഷ്ടപ്പെട്ട അനിലും സഹോദരന്‍ സുനിലും ചേര്‍ന്നാണ് കുടുംബം നോക്കിയിരുന്നതെന്ന് ബന്ധു വി. ശിവദാസ് പറഞ്ഞു. കെട്ടിടനിര്‍മാണ തൊഴിലാളികളായ ഇരുവരുമായിരുന്നു വീടിന്റെ തണല്‍. അനിലിന്റെ മൂത്തമകന്‍ അശ്വിന്റെ നൂലുകെട്ടല്‍ ചടങ്ങ് കോവിഡ് നിയന്ത്രണങ്ങള്‍മൂലം നന്നായി നടത്താന്‍ കഴിഞ്ഞില്ല. അതിനാല്‍, മകളുടെ 56-ാംദിവസത്തെ ചടങ്ങ് ആഘോഷമാക്കണമെന്നത് അനിലിന്റെ ആഗ്രഹമായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.
മൂന്ന് കുടുംബത്തിലെ സഹോദരങ്ങള്‍ യാത്രാസംഘത്തിലുണ്ടായിരുന്നു. മരിച്ച അനിലിന്റെ സഹോദരന്‍ സുനിലും രാഹുലിന്റെ സഹോദരന്‍ രാജേഷും സുധീഷിന്റെ സഹോദരന്‍ സുജീവുമാണ് യാത്രയിലുണ്ടായിരുന്നത്. സുനിലും സുജീവും മറ്റൊരു വാഹനത്തിലായതിനാല്‍ രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍പ്പെട്ട വാഹനത്തിലുണ്ടായിരുന്ന രാഹുലിന്റെ സഹോദരന്‍ രാജേഷ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മൃതദേഹങ്ങള്‍ എത്രയുംവേഗം നാട്ടിലെത്തിക്കാന്‍, മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി കശ്മീരിലെ അധികൃതരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് വി. മുരുകദാസ് പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാലുടന്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.