തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് അതിരൂക്ഷ വ്യാപനത്തെ തുടര്‍ന്ന് വിവിധ ജില്ലകളിലെ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. കൂടുതല്‍ ജില്ലകളെ സി ക്യാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഏറ്റവും കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ സി കാറ്റഗറിയില്‍ നാല് ജില്ലകളെയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പത്തനംതിട്ട, ഇടുക്കി, കോട്ടയം, കൊല്ലം, എന്നീ ജില്ലകളെയാണ് സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയത്. ജില്ലയില്‍ ആശുപതിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കൊവിഡ് രോഗികള്‍ ആയാലാണ് ഒരു ജില്ലയെ കാറ്റഗറിസി-യില്‍ ഉള്‍പ്പെടുത്തുന്നത്. സി കാറ്റഗറിയില്‍ തീയറ്ററുകള്‍, ജിംനേഷ്യം,നീന്തല്‍ കുളങ്ങള്‍ എന്നിവ അടച്ചിടണം. കോളജുകളില്‍ അവസാന സെമസ്റ്റര്‍ ക്ളാസുകള്‍ മാത്രമേ ഓഫ്ലൈനില്‍ നടക്കൂ. നേരത്തെ തിരുവനന്തപുരം ജില്ല മാത്രമാണ് സി കാറ്റഗറിയില്‍ ഉള്‍പ്പെട്ടിരുന്നത്. പുതിയ നാല് ജില്ലകളെ കൂടി ഉള്‍പ്പെടുത്തിയതോടെ സി കാറ്റഗറിയിലെ ആകെ ജില്ലകളുടെ എണ്ണം അഞ്ചായി.
അതേസമയം, സംസ്ഥാനത്ത് സി കാറ്റഗറിയിലുള്ള തീയറ്ററുകള്‍ അടച്ചിടാനുള്ള തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കണമെന്ന് ഉടമകള്‍ പ്രതികരിച്ചു. അടച്ചിടലിലൂടെയുണ്ടാവുന്ന നഷ്ടം താങ്ങാനാവാത്തതാണെന്നും തീയറ്റര്‍ ഉടമകള്‍ ആത്മഹത്യയുടെ വക്കിലാണെന്നും തിരുവനന്തപുരം പത്മനാഭ തീയറ്റര്‍ ഉടമ ഗിരീഷ് 24നോട് പറഞ്ഞു.
ബാറുകളിലും മാളുകളിലും മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല. 50 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിച്ചാലും തീയറ്ററുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയും. 250 പേരാണ് ഒരു സിനിമ ഫുള്‍ ആയാല്‍ തീയറ്ററില്‍ കേറുന്നത്. അത്രയും ആളുകള്‍ മാത്രം കേറുന്ന തീയറ്ററുകള്‍ അടച്ചിടുന്നു. ഒരു ദിവസം ഏകദേശം 75000ഓളം ആളുകള്‍ കേറുന്ന മാളുകള്‍ തുറന്നിടുന്നു. അതില്‍ അശാസ്ത്രീയതയുണ്ട്. തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കുമെന്ന് കരുതുന്നു എന്നും ഗിരീഷ് പറഞ്ഞു.