ദോഹ: കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് അര്‍ജന്റീന കടന്നുപോകുന്നതെങ്കിലും ലോകകപ്പിന് ഭൂഖണ്ഡങ്ങള്‍ താണ്ടിയെത്താന്‍ ആരാധകര്‍ക്കത് തടസ്സമാകുന്നില്ല. ലോകകപ്പ് ഫുട്ബോളില്‍ ഇതുവരെ അര്‍ജന്റീനാ ടീമിനെ പിന്തുണയ്ക്കാന്‍ ഖത്തറിലെത്തിയത് 35,000 മുതല്‍ 40,000 പേരെന്നാണ് കണക്ക്. ഖത്തര്‍ ലോകകപ്പില്‍ ഒരു ടീമിനെ പിന്തുണയ്ക്കാനെത്തിയതില്‍ ഏറ്റവുമധികം പേരും അര്‍ജന്റീനക്കാരാണ്. അര്‍ജന്റീനയുടെ മിക്കമത്സരങ്ങളും നിറഞ്ഞ ഗാലറിയിലാണ് നടന്നത്. ഏറ്റവുമധികം ആളുകളെ ഉള്‍ക്കൊള്ളുന്ന ലുസൈലില്‍ ഗാലറി പൂര്‍ണമായി നിറഞ്ഞത് വാര്‍ത്തയായിരുന്നു.
സൗദിക്കെതിരായ ആദ്യകളിക്ക് 88,012 പേരാണ് ലുസൈലിലെത്തിയത്. മെക്സിക്കോക്കെതിരായ രണ്ടാം മത്സരത്തില്‍ സ്റ്റേഡിയത്തിലെ പരമാവധി ശേഷിയായ 88,966 പേരെത്തി. പോളണ്ടിനെതിരേ സ്റ്റേഡിയം 974-ല്‍ 44,089 പേരുമെത്തി. ഇവിടെയും പരമാവധി ശേഷിയായിരുന്നു ഇത്. ഓസ്ട്രേലിയക്കെതിരായ പ്രീക്വാര്‍ട്ടറില്‍ അല്‍ റയ്യാനിലെ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലും ഗാലറി നിറഞ്ഞു, 45,032. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡുസുമായുള്ള കളികാണാന്‍ ലുസൈലില്‍ 88,235 പേരുമെത്തിയിരുന്നു.
അര്‍ജന്റീനയുടെയും മെസ്സിയുടെയും ആരാധകര്‍ ഏറെയുള്ള ഇന്ത്യക്കാരും ബംഗ്ലാദേശുകാരുമെത്തുന്നത് അര്‍ജന്റീനാ ടീമിന് പിന്തുണ വര്‍ധിപ്പിക്കുന്നു.