വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് അപകടം;3 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് വലിയങ്ങാടിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് അപകടം; നാലുപേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ 3 പേര്‍ മരിച്ചു. ജബ്ബാര്‍, അഷ്റഫ്, ബഷീര്‍ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ 5 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവരിൽ മൂന്ന് പേരുടെ മരണമാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടമാണ് തകർന്നുവീണത്. ലോഡിങ്ങ് തൊഴിലാളികളാണ്. കിനാശ്ശേരി സ്വദേശിയാണ് ജബ്ബാര്‍.

തൊട്ടടുത്തുള്ള സ്ഥാപനത്തിന്‍റെ ഗോഡൌണായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഈ കെട്ടിടം. ഇവിടേക്കുള്ള സാധനങ്ങള്‍ ഇറക്കിയതിന് ശേഷം ഷട്ടറിനോട് ചേര്‍ന്നുള്ള തറയിലിരുന്ന് വിശ്രമിക്കുകയായിരുന്നു ഇവര്‍. ആ സമയത്താണ് കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്നു വീണത്. ഏഴുപേരിൽ രണ്ട് പേര്‍ക്ക് ഓടി മാറാൻ സാധിച്ചു. എന്നാൽ ബാക്കി 5 പേരുടെ മുകളിലേക്ക് സ്ലാബ് പതിക്കുകയായിരുന്നു.

കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 60 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സൺഷെയ്ഡാണ് തകർന്നുവീണത്. നിരവധി വ്യാപാര സ്ഥാപനങ്ങൾ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. വലിയങ്ങാടിയിലെ തൊഴിലാളികൾ സാധാരണ വിശ്രമിക്കാറുള്ളത് ഈ കെട്ടിടത്തിനു പുറത്താണ്. ഒട്ടനവധി ഇരുചക്ര വാഹനങ്ങളും തകർന്ന സ്ലാബുകൾക്കുള്ളിൽ കുടുങ്ങിയിട്ടുണ്ട്.

കെട്ടിടത്തിന്‍റെ കാലപ്പഴക്കമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കെട്ടിടത്തിലേക്ക് ഇനി ആളുകളെ പ്രവേശിപ്പിക്കില്ലെന്ന് സ്ഥലത്തെത്തിയ മേയര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News