വിവാഹം കഴിഞ്ഞിട്ട് 3 മാസം,25-കാരൻ ഹൃദയാഘാതംമൂലം മരിച്ചു; ഭാര്യ ഏഴാംനിലയിൽനിന്ന് ചാടി മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മൃഗശാല സന്ദര്‍ശിക്കാനെത്തിയ യുവദമ്പതിമാര്‍ക്ക് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ജീവന്‍ നഷ്ടമായി. ഗാസിയാബാദ് സ്വദേശികളായ അഭിഷേക് അലുവാലിയും ഭാര്യ അഞ്ജലിയുമാണ് മരിച്ചത്.

25-കാരനായ അഭിഷേക് മൃഗശാല സന്ദര്‍ശിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. മൃതദേഹം രാത്രിതാമസസ്ഥലത്ത് എത്തിച്ചതിന് പിന്നാലെ അപാര്‍ട്‌മെന്റിന്റെ ഏഴാം നിലയിലെ ബാല്‍ക്കണിയില്‍നിന്ന് ചാടിയാണ് ഭാര്യ അഞ്ജലി മരിച്ചത്. നവംബര്‍ 30-നായിരുന്നു ഇവരുടെ വിവാഹം.

തിങ്കളാഴ്ചയാണ് ഇരുവരും ഡല്‍ഹി മൃഗശാല സന്ദര്‍ശിക്കാനെത്തിയത്. അവിടെവെച്ച് അഭിഷേകിന് നെഞ്ചുവേദന അനുഭവപ്പെട്ടു. അഞ്ജലി ഉടനെതന്നെ സുഹൃത്തുക്കളെ വിവരമറിയിച്ചു. അഭിഷേകിനെ ആദ്യം ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയിലും തുടര്‍ന്ന് സഫ്ദര്‍ജംഗ് ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വൈശാലിയിലെ അപാര്‍ട്മെന്റില്‍ രാത്രി ഒമ്പതുമണിയോടെ അഭിഷേകിന്റെ മൃതദേഹം കൊണ്ടുവന്നു.മൃതദേഹത്തിന് സമീപം അല്‍പനേരമിരുന്ന അഞ്ജലി പിന്നീട് ബാല്‍ക്കണിയിലേക്ക് പോകുകയും താഴേക്ക് ചാടുകയും ചെയ്തു. ഗുരുതരപരിക്കുകളോടെ ആശുപത്രിയിലെത്തിച്ച അഞ്ജലി ചൊവ്വാഴ്ച രാവിലെ മരിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline 1056, 0471-2552056)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News