KeralaNews

ചുമയുടെ സിറപ്പ് കഴിച്ചു; ഡല്‍ഹിയില്‍ മൂന്ന് കുട്ടികള്‍ മരിച്ചു

ന്യൂഡല്‍ഹി: ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കിയ ചുമയ്ക്കുള്ള സിറപ്പ് കഴിച്ച് ഡല്‍ഹിയില്‍ മൂന്ന് കുട്ടികള്‍ മരിച്ചു. ഡല്‍ഹി കലാവതി സരണ്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ കുട്ടികളാണ് മരിച്ചത്. മൊഹല്ല ക്ലിനിക്കിലെ ഡോക്ടര്‍മാരാണ് കുറിപ്പ് നല്‍കിയത്.

സംഭവത്തില്‍ മൂന്ന് ഡോക്ടര്‍മാരുടെ സേവനം റദ്ദാക്കാനും അന്വേഷണം നടത്താനും ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ഡല്‍ഹി മെഡിക്കല്‍ കൗണ്‍സിലിനോടു നിര്‍ദേശിച്ചതായും ഡല്‍ഹി ആരോഗ്യമന്ത്രി അറിയിച്ചു. മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിനും രാജിവെക്കണമെന്നും കുട്ടികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ബിജെപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള കലാവതി സരണ്‍ കുട്ടികളുടെ ആശുപത്രിയില്‍ ഡെക്‌സ്‌ട്രോമെത്തോര്‍ഫാന്‍ എന്ന മരുന്നു കഴിച്ച്വിഷബാധയേറ്റ് 16 കുട്ടികളെയാണ് പ്രവേശിപ്പിച്ചത്. ജൂണ്‍ 29നും നവംബര്‍ 21 നുമിടയിലാണ് ഒരു വയസിനും ആറ് വയസിനും ഇടയിലുള്ള ഇത്രയും കുട്ടികള്‍ ചികിത്സ തേടിയത്. മിക്ക കുട്ടികള്‍ക്കും ശ്വാസം തടസം നേരിട്ടു. മരിച്ച മൂന്ന് കുട്ടികളേയും മോശം അവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചതെന്നും കലാവതി സരണ്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ പറഞ്ഞു. ജൂലൈയില്‍ തന്നെ ആശുപത്രി അധികൃതര്‍ ഇത് സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാരിനേയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തേയും അറിയിച്ചിരുന്നു.

ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് ഒക്ടബോറില്‍ അന്വേഷണം ആരംഭിച്ചതായും ഡോക്ടര്‍ പറഞ്ഞു. ചുമ ശമനത്തിനായി വ്യാപകമായി ഉപയോഗിച്ചുവരുന്ന ഒരു മരുന്നാണ് ഡെക്‌സ്‌ട്രോമെത്തോര്‍ഫാന്‍. അതേ സമയം തന്നെ അനാവശ്യ ഉപയോഗത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതാണ് ഈ മരുന്ന്. മരുന്നിന്റെ ഉയര്‍ന്ന അളവിലുള്ള ഉപഭോഗം കുട്ടികളില്‍ ഉറക്കമില്ലായ്മയ്ക്കിടയാക്കും. തല കറക്കം, ഓക്കാനം, അസ്വസ്ഥത, ശ്വസന പ്രശ്നങ്ങള്‍ വയറിളക്കം മുതലായവയ്ക്കും കാരണമാകും.

ഡിസംബര്‍ ഏഴിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഹെല്‍ത്ത് സര്‍വീസിലെ ഡോക്ടര്‍ സുനില്‍കുമാര്‍, മൊഹല്ല ക്ലിനിക്കിലെ ഡോക്ടര്‍മാരെ നാല് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഡെക്‌സ്‌ട്രോമെത്തോര്‍ഫാന്‍ കുറിച്ച് നല്‍കുന്നതില്‍ നിന്ന് തടയണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാരിന് കത്തയച്ചിരുന്നു. പൊതു താത്പര്യം കണക്കിലെടുത്ത് ഒമേഗ ഫാര്‍മ നിര്‍മിക്കുന്ന ഈ മരുന്ന് വിപണിയില്‍ നിന്ന് പിന്‍വലിക്കാനും ഡോ. സുനില്‍കുമാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button