കൊച്ചി: കൊച്ചി പുറംകടലില്‍ നിന്ന് പിടികൂടിയ 25,000 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് എത്തിയത് പാകിസ്താനില്‍ നിന്നെന്ന് സ്ഥിരീകരിച്ച് എന്‍.സി.ബി റിപ്പോര്‍ട്ട്. ചാര നിറത്തിലുള്ള പേരില്ലാ കപ്പലില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശനിയാഴ്ചയാണ് കൊച്ചി പുറംകടലില്‍ കപ്പല്‍ വളഞ്ഞ് മെത്താംഫിറ്റമിന്‍ ലഹരിമരുന്ന് എന്‍.സി.ബി.യും നാവികസേനയും ചേര്‍ന്ന് പിടിച്ചെടുത്തത്.
എന്‍.സി.ബിയുടെ പിടിയിലായ സുബൈര്‍ പാക് പൗരനാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇറാന്‍ സ്വദേശിയാണ് താനെന്നായിരുന്നു ഇയാളുടെ വാദം. ഇയാള്‍ നല്‍കിയ വിലാസവും ഇറാനിലേതാണ്. എന്നാല്‍, പ്രതി പാക് പൗരനാണെന്നും അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണെന്നും എന്‍.സി.ബി വ്യക്തമാക്കുന്നു.
പാകിസ്താനില്‍ നിന്നുള്ള മയക്കുമരുന്ന് കടത്തുസംഘമാണ് തനിക്ക് മെത്താംഫിറ്റമിന്‍ നല്‍കിയതെന്ന് സുബൈര്‍ മൊഴി നല്‍കി. ഇവ കൃത്യമായി എത്തിച്ച് നല്‍കിയാല്‍ വലിയ തുക പ്രതിഫലം നല്‍കുമെന്ന് ഇവര്‍ വാഗ്ദാനം നല്‍കിയതായും പ്രതി കൂട്ടിച്ചേര്‍ത്തു.
പാകിസ്താനിലെ ഹാജി സലീം ഗ്രൂപ്പാണ് അന്താരാഷ്ട്ര ലഹരിക്കടത്തിന് പിന്നിലെന്നാണ് എന്‍.സി.ബി.യുടെ പ്രാഥമിക കണ്ടെത്തല്‍. ഒരു കിലോയുടെ പാക്കറ്റുകളിലാക്കി 132 ബസ്മതി അരിക്കമ്പനികളുടെ ചാക്കുകളിലാണ് ഇവ കപ്പലില്‍ സൂക്ഷിച്ചിരുന്നത്. കപ്പലിലുണ്ടായിരുന്ന ലഹരിമരുന്ന് ഇന്ത്യ, ശ്രീലങ്ക, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളിലെ ഏജന്റുമാർക്ക് നൽകാൻ എത്തിച്ചതാണെന്നാണ് എന്‍.സി.ബി. നല്‍കുന്നവിവരം.
എന്‍.സി.ബി.യും നാവികേസനയും പിന്തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കപ്പലും ലഹരിമരുന്നും കടലില്‍ മുക്കാനായിരുന്നു കടത്തുകാരുടെ ശ്രമം. തുടര്‍ന്ന് മാഫിയസംഘത്തില്‍പ്പെട്ടവര്‍ ബോട്ടുകളില്‍ രക്ഷപ്പെട്ടു. ഇതിലൊരു ബോട്ട് പിന്തുടര്‍ന്നാണ് പാകിസ്താന്‍ സ്വദേശിയെ പിടികൂടിയത്. കടലില്‍ മുങ്ങിത്തുടങ്ങിയ കപ്പലില്‍നിന്ന് ലഹരിമരുന്ന് പിടിച്ചെടുക്കുകയായിരുന്നു.