പഹൽഗാം: ജമ്മുകശ്മീരിൽ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ സഞ്ചാരികൾ. ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയുടെ പ്രതികരണത്തിന്റെ വീഡിയോ പുറത്തുവന്നു. ബേൽപൂരി കഴിച്ചുകൊണ്ടിരുന്നപ്പോൾ അക്രമി നിറയൊഴിക്കുകയായിരുന്നുവെന്നും നിങ്ങൾ മുസ്ലീമല്ലെന്ന് പറഞ്ഞാണ് തോക്കുധാരി വെടിയുതിർത്തതെന്നും യുവതി ആരോപിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
സംഭവ സ്ഥലത്ത് നിന്നുള്ള കൂടുതൽ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സഹായത്തിനായി യാചിക്കുകയും കരയുകയും ചെയ്യുന്നവരുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ട്രെക്കിങ്ങിനെത്തിയ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ബെയ്‌സരണിലാണ് വെടിവെപ്പ് നടന്നതെന്നാണ് ജമ്മുകശ്മീർ പോലീസ് പറയുന്നത്. ഈ പ്രദേശത്തേക്ക് വാഹനത്തിൽ എത്തിപ്പെടാൻ സാധിക്കില്ല. കാൽനടയായോ കുതിരകളെ ഉപയോഗിച്ചോ മാത്രം എത്താവുന്ന ദുഷ്‌കരമായ പാതയാണ് ഇവിടേക്കുള്ളത്.
പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടതായി വിവരം. ജമ്മു കശ്മീർ പോലീസിനെ ഉദ്ധരിച്ച് എഎഫ്പി വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക കണക്കുകൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. മരണസംഖ്യ 20-ല്‍ കൂടുതലാകാമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജമ്മുകശ്മീരില്‍ 2019ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. ജമ്മു കശ്മീരിലെ പഹല്‍ഗാമിലുള്ള ബൈസാറനിലാണ് ഭീകരാക്രമണം ഉണ്ടായത്.

