മൂന്നാര്‍: ഇടുക്കിയില്‍ 229.76 ഏക്കര്‍ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചതായി റവന്യൂ വകുപ്പ്. ദേവികുളം താലൂക്കില്‍ ആനവിരട്ടി വില്ലേജില്‍ അനധികൃതമായി കൈവശം വച്ചിരുന്ന 224.21 ഏക്കര്‍ സ്ഥലവും അതിലെ കെട്ടിടവും ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഏറ്റെടുത്തു. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരുന്ന കേസില്‍ സര്‍ക്കാരിന് അനുകൂലമായ വിധി ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി.
ആനവിരട്ടി വില്ലേജിലെ റീസര്‍വ്വേ ബ്ലോക്ക് 12-ല്‍ സര്‍വ്വ 12, 13, 14, 15, 16 എന്നിവയില്‍പ്പെട്ട ഭൂമിയാണ് ഏറ്റെടുത്തത്. ഉടുമ്പന്‍ചോല താലൂക്കിലെ ചിന്നക്കനാല്‍ വില്ലേജില്‍ 5.55 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കയ്യേറ്റവും വ്യാഴാഴ്ച ഒഴിപ്പിച്ചു.
മൂന്നാര്‍ മേഖലയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക ദൗത്യസംഘത്തിന്റെ നേതൃത്വത്തില്‍ റവന്യൂ, പോലീസ്, ഭൂസംരക്ഷണസേന എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് കയ്യേറ്റം ഒഴിപ്പിച്ചത്. സ്ഥലം ഏറ്റെടുക്കുകയും അവിടെ ഉണ്ടായിരുന്ന കെട്ടിടം സീല്‍ ചെയ്ത് സര്‍ക്കാര്‍ അധീനതയിലാണെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.
പ്രസ്തുത സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്ന അവകാശം ഉയര്‍ന്നിരുന്നു. എന്നാല്‍ പട്ടയം ലഭിക്കുന്നതിന് അര്‍ഹമായ രീതിയില്‍ ചട്ടം അനുശാസിക്കുന്ന പ്രകാരം 1971-ന് മുന്‍പ് കക്ഷിക്കോ മുന്‍ഗാമികള്‍ക്കോ കൈവശമില്ല എന്ന് പരിശോധനയില്‍ കണ്ടെത്തി. പട്ടയത്തിനുള്ള അര്‍ഹത ഇല്ലെന്ന് തുടര്‍ അന്വേഷണത്തില്‍ ബോധ്യപ്പെടുകയും ഇക്കാര്യങ്ങള്‍ കക്ഷികളെ നിയമാനുസൃതം അറിയിക്കുകയും ചെയ്തു.
നിയമപരമായ യാതൊരു പിന്‍ബലവും ഇല്ലാതിരുന്ന കയ്യേറ്റമാണ് ഒഴിപ്പിച്ചിട്ടുള്ളതെന്ന് ജില്ലാകളക്ടര്‍ ഷീബ ജോര്‍ജ്ജ് വ്യക്തമാക്കി. പട്ടയം ലഭിക്കുന്നതിനുള്ള അര്‍ഹത പരിശോധിച്ച് നിയമപരമായ നടപടികള്‍ പാലിച്ച് മാത്രമേ ഒഴിപ്പിക്കല്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂ. കേരള ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരായുള്ള ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.