യുപിയിൽ 22കാരനെകാളവണ്ടിയിൽ കെട്ടിയിട്ട് ആക്രമിച്ച് നഗ്നനാക്കി നടത്തി; ബലാത്സം​ഗം ചെയ്തുവെന്ന് സ്ത്രീയുടെ പരാതി

ലഖ്നൗ: ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ  പൊലീസ് ബലാത്സംഗക്കേസിൽ പ്രതി ചേർത്തിട്ടുള്ളയാളെ നാട്ടുകാർ കാളവണ്ടിയിൽ കെട്ടിയിട്ട് ആക്രമിച്ച് നഗ്നനാക്കി നടത്തി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് പൊലീസ് കേസെടുത്തു. എന്നാൽ, വീഡിയോ വ്യാപകമായി പ്രചരിക്കുന്നതിന് മുമ്പല്ല ബലാത്സംഗപ്പരാതി പോലീസിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും പൊലീസ് പറയുന്നു. നിലവിൽ ബലാത്സംഗ കേസിലും ആൾക്കൂട്ട ആക്രമണ കേസിലും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. 

22 വയസ്സുള്ള യുവാവിനെയാണ് വിവസ്ത്രനാക്കി കാളവണ്ടിയിൽ കെട്ടിവലിച്ച് നടത്തിയതെന്ന് വീഡിയോയിൽ പറയുന്നു. പ്രചരിച്ച ദൃശ്യങ്ങളിൽ സ്ത്രീകളുടെയടക്കം ശബ്ദം കേൾക്കാമായിരുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു. നിലവിൽ ദൃശ്യങ്ങൾ എക്സ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിൽ ലഭ്യമല്ല എന്നാണ് റിപ്പോ‌ർട്ട്. വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന്  ഇയാളുടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.

മ‌‌ർദനമേറ്റ യുവാവിന്റെ കുടുംബത്തിന്റെ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം  എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രമേശ് പാണ്ഡെ പറഞ്ഞു. ഏപ്രിൽ 3 ന് ഗ്രാമത്തിന് സമീപം യുവാവിനെ കയറുകൊണ്ട് കെട്ടിയിട്ട് മർദിച്ചതായും പരാതിയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേ‌ർത്തു. 

യുവാവിനെതിരെ ഒരു സ്ത്രീ നൽകിയ ബലാത്സംഗ പരാതിയിന്മേൽ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് രാമാനന്ദ് പ്രസാദ് കുശ്വാഹ പറഞ്ഞു. ഏപ്രിൽ മാസം ആദ്യ വാരത്തിലാണ് സംഭവം നടന്നതെങ്കിലും ദിവസങ്ങൾക്ക് ശേഷമാണ് പരാതി നൽകിയത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്തതു മുതൽ ഇയാൾ ഒളിവിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേ‌ർത്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News