KeralaNews

കോട്ടയത്ത് പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് വെള്ളക്കുഴിയില്‍ വീണ് മരിച്ചു

കോട്ടയം: പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് 20 അടി താഴ്ചയുള്ള വെള്ളക്കുഴിയില്‍ വീണ് മരിച്ചു. തവളക്കുഴി ബീന നിവാസില്‍ നീരജ് റെജി (22) ആണ് മരിച്ചത്. ഏറ്റുമാനൂരില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. ഹോട്ടലിന് മുന്നില്‍ വച്ച് അടിപിടിയുണ്ടായതിനെ തുടര്‍ന്ന് പോലീസ് വരുന്നതുകണ്ട് ഭയന്നോടിയതാണ് അപകടത്തിന് കാരണമായത്.

ഏറ്റുമാനൂരിലെ ബാര്‍ബിക്യൂ റസ്റ്ററന്റില്‍ നീരജും സുഹൃത്തുക്കളും ഭക്ഷണം കഴിക്കാനെത്തി. അവിടെവച്ച് മറ്റൊരു സംഘവുമായി വാക്കേറ്റമുണ്ടായി. ഇത് കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെയാണ് പോലീസ് സ്ഥലത്തെത്തിയത്. പോലീസിനെ കണ്ടതോടെ യുവാക്കള്‍ ചിതറിയോടുകയായിരുന്നു. നീരജും മറ്റു 2 പേരും സമീപത്തെ വെളിച്ചമില്ലാത്ത കെട്ടിടത്തിലേക്കാണ് ഓടിക്കയറിയത്.

പിന്നീട് പോലീസ് സംഘം പോയെന്ന് ഉറപ്പുവരുത്തിയ യുവാക്കള്‍ പുറത്തെത്തിയപ്പോഴാണ് നീരജിനെ കാണാതായെന്ന് അറിഞ്ഞത്. തുടര്‍ന്ന് കെട്ടിടത്തിനുള്ളില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് 20 അടി താഴ്ചയുള്ള കുഴിയിലെ വെള്ളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. കുഴിയില്‍ 5 അടിയോളം വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. കോട്ടയത്തു നിന്ന് അഗ്‌നിരക്ഷാസേന എത്തി നീരജിനെ പുറത്തെടുത്തു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു.

വെള്ളം ശേഖരിക്കുന്നതിന് കെട്ടിടത്തിന്റെ നടയുടെ താഴെയായി നിര്‍മിച്ച കുഴിയിലാണ് നീരജ് വീണത്. ചതുരാകൃതിയില്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് കുഴിക്ക് ആള്‍മറയില്ലാതിരുന്നതും സ്ഥലത്ത് വെളിച്ചം ഇല്ലാതിരുന്നതുമാണ് അപകടത്തിനു കാരണമായതെന്നു കരുതുന്നതായി അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button