ലാഹോർ: പാകിസ്താനിൽ ഹിന്ദു ക്ഷേത്രം ആക്രമിച്ച കേസിൽ 22 പേർക്ക് പാകിസ്താൻ തീവ്രവാദ വിരുദ്ധ കോടതി (എടിസി) അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. 2021 ജൂലൈയിലാണ് ലാഹോറിൽ നിന്ന് 590 കിലോമീറ്റർ അകലെ പഞ്ചാബ് പ്രവിശ്യയിലെ റഹീം യാർ ഖാൻ ജില്ലയിൽ ഗണപതി ക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടായത്. എട്ട് വയസ്സായ കുട്ടി ഖബർസ്ഥാനെ അപമാനിച്ചെന്നാരോപിച്ചാണ് ക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടായത്.
രോഷാകുലരായ ജനക്കൂട്ടം ആയുധങ്ങളും വടികളുമെടുത്ത് ക്ഷേത്രത്തിൽ വിന്യസിച്ചിരുന്ന പൊലീസുകാരെ ആക്രമിക്കുകയും ക്ഷേത്രത്തിന്റെ ഒരു ഭാഗം നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തു. ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ, ചുവരുകൾ, വാതിലുകൾ, വൈദ്യുത ഉപകരണങ്ങൾ എന്നിവയും അക്രമികൾ നശിപ്പിച്ചു.
കേസിൽ 84 പ്രതികളാണ് അറസ്റ്റിലായത്. പ്രതികളുടെ വിചാരണ കഴിഞ്ഞ സെപ്റ്റംബറിൽ ആരംഭിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് വിചാരണ അവസാനിച്ചത്. ബുധനാഴ്ചയാണ് എടിസി ജഡ്ജി നസീർ ഹുസൈൻ വിധി പ്രഖ്യാപിച്ചത്. 22 പ്രതികൾക്ക് അഞ്ച് വർഷം വീതം തടവ് ശിക്ഷ വിധിച്ച ജഡ്ജി ബാക്കിയുള്ള 62 പേരെ വെറുതെവിട്ടു.
സംശയത്തിന്റെ ആനുകൂല്യത്തിലാണ് മറ്റ് പ്രതികളെ വെറുതെ വിട്ടത്. ബഹവൽപൂരിലെ ന്യൂ സെൻട്രൽ ജയിലിൽ നിന്ന് കനത്ത സുരക്ഷയിലാണ് പ്രതികളെയും കോടതിയിൽ എത്തിച്ചത്. പ്രോസിക്യൂഷൻ ഹാജരാക്കിയ ശക്തമായ തെളിവുകളുടെയും വീഡിയോ ദൃശ്യങ്ങളുടെയും സാക്ഷി മൊഴികളും കോടതി അംഗീകരിച്ചു.
സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് അക്രമികളിൽ നിന്ന് പത്ത് ലക്ഷം പാകിസ്ഥാൻ രൂപ ഈടാക്കിയിരുന്നു. ഈ തുക ഉപയോഗിച്ച് ക്ഷേത്രം പുനർനിർമിച്ചു.
ക്ഷേത്രം തകർത്ത സംഭവം രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്നും പൊലീസ് കാഴ്ചക്കാരെപ്പോലെ പെരുമാറിയെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദ് ഖേദം പ്രകടിപ്പിച്ചിരുന്നു. ക്ഷേത്ര ആക്രമണത്തെ പാകിസ്ഥാൻ പാർലമെന്റും പ്രമേയത്തിലൂടെ അപലപിച്ചു.