കോവിഡ്-19 അമേരിക്കയില്‍ 22 ലക്ഷം പേരുടെ ജീവനെടുക്കും! ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്
ലണ്ടന്‍: കോവിഡ്-19 അമേരിക്കയില്‍ 22 ലക്ഷം പേരുടെ ജീവനെടുക്കുമെന്ന് റിപ്പോര്‍ട്ട്. ലണ്ടന്‍ ഇംപീരിയല്‍ കോളജ് മാത്തമാറ്റിക്കല്‍ ബയോളജി പ്രഫസര്‍ നീല്‍ ഫെര്‍ഗൂസണിന്റെ നേതൃത്വത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രധാനമായും ഇറ്റലിയില്‍നിന്നുള്ള കണക്കുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇപ്പോള്‍ കൃത്യമായ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ അമേരിക്കയില്‍ 22 ലക്ഷവും ബ്രിട്ടനില്‍ അഞ്ചു ലക്ഷവും മരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണ്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കി. ആളുകളുടെ ഒത്തുചേരല്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. ബ്രിട്ടനില്‍ ഇതിനകം 55,000 പേര്‍ക്ക് കൊറോണ രോഗം ബാധിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നാണു ബ്രിട്ടീഷ് സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സര്‍ പാട്രിക് വാലന്‍സിന്റെ വിലയിരുത്തല്‍. ഇതില്‍ 20,000 പേര്‍ വരെ മരണമടഞ്ഞേക്കാമെന്നും വാലന്‍സ് പറഞ്ഞു.
കൊറോണ വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് ജോണ്‍സന്‍ ഭരണകൂടം ഒട്ടേറെ നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രോഗബാധ സംശയിക്കുന്ന എഴുപതു വയസിനു മുകളില്‍ പ്രായം ചെന്നവര്‍ 12 ആഴ്ചത്തേക്ക് സ്വയം ക്വാറന്റൈനില്‍ പോകണം. പബ്ബുകളും ബാറുകളും തിയറ്ററുകളും ക്ലബ്ബുകളും സന്ദര്‍ശിക്കുന്നത് കഴിയുന്നത്ര ഒഴിവാക്കണം. അടിയന്തര ശസ്ത്രക്രിയകള്‍ ഒഴിച്ചുള്ളവ ഒഴിവാക്കാനും ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.