തിരുവനന്തപുരം: സപ്ലൈയ്‌കോയ്‌ക്ക് 203.9 കോടി രൂപ ധനമന്ത്രി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ . നെല്ല് സംഭരണത്തിനായാണ് തുക അനുവദിച്ചത്. സബ്‌സിഡിക്കായി 195.36 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കൈകാര്യ ചെലവിനത്തിൽ 8.54 കോടിയും അനുവദിച്ചു. കേന്ദ്രം താങ്ങുവില കുടിശിക ആക്കിയതിനാലാണ് സംസ്ഥാന സർക്കാറിൻ്റെ ഇടപെടൽ.
നെല്ലുവിലയായി കേന്ദ്രം തരാനുള്ളത് 763 കോടി രൂപയാണെന്നും ധനമന്ത്രി പറഞ്ഞു.സപ്ലൈകോ പ്രതിസന്ധി പരിഹരിക്കാന്‍ വിലവർധനവുള്‍പ്പടെ നടപ്പാക്കിയതിന് പിന്നാലെയാണ് നടപടി. സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ചതിന് പിന്നാലെ പുതിയ നിരക്കുകള്‍ ഭക്ഷ്യവകുപ്പ് പുറത്തുവിട്ടിരുന്നു. 13ഇനം സാധനങ്ങളില്‍ മുളകിനാണ് ഏറ്റവും വില കൂടിയത്. കടലയ്ക്കും വന്‍പയറിനും തുവരപ്പരിപ്പിനും 50%ത്തിലധികം വില വര്‍ധിച്ചു.
ഓരോ സാധനങ്ങളുടെയും വിപണിവിലയില്‍ നിന്ന് 35% സബ്‌സിഡി കുറച്ചാണ് പുതിയ വില വിവര പട്ടിക ഭക്ഷ്യവകുപ്പ് തയ്യാറാക്കിയത്. മന്ത്രിസഭായോഗം അംഗീകാരം നല്‍കിയ പുതിയ വിലയ്ക്കാണ് മാവേലി സ്റ്റോറുകളില്‍ സബ്സിഡി സാധനങ്ങള്‍ വില്‍ക്കുന്നത്.