മാഞ്ചസ്റ്റര്‍: ചാര്‍ളി ഗ്രിഫിത്തും ആന്‍ഡി റോബര്‍ട്‌സും കോളിന്‍ ക്രോഫ്റ്റും ജോയല്‍ ഗാര്‍ണറും മൈക്കല്‍ ഹോള്‍ഡിംഗും മാല്‍ക്കം മാര്‍ഷും കോര്‍ട്‌നി വാല്‍ഷും എല്ലാം അടങ്ങുന്ന പേസ് ബൗളര്‍മാരുടെ നീണ്ട നിരതന്നെയായിരുന്നു ഒരുകാലത്ത് വെസ്റ്റ് ഇന്‍ഡീസ്.
എന്നാല്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഒരു വിന്‍ഡീസ് പേസ് ബൗളര്‍ക്ക് പോലും ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റ് നേട്ടം സ്വന്തമാക്കാനായിട്ടില്ല.
ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ നാലു വിക്കറ്റ് വീഴ്ത്തി ആ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കെമര്‍ റോച്ച്. ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ക്രിസ് വോക്‌സിനെ വീഴ്ത്തിയാണ് 26 വര്‍ഷത്തിനിടെ ടെസ്റ്റില്‍ 200 വിക്കറ്റ് തികക്കുന്ന ആദ്യ ബൗളറെന്ന നേട്ടം റോച്ച് സ്വന്തമാക്കിയത്.
1994ല്‍ കര്‍ട്ലി ആംബ്രോസിനുശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ വിന്‍ഡീസ് ബൗളറാണ് റോച്ച്.വിന്‍ഡീസിനായി ടെസ്റ്റില്‍ 200 വിക്കറ്റ് തികക്കുന്ന ഒമ്പതാമത്തെ ബൗളറാണ് റോച്ച്. 132 മത്സരങ്ങളില്‍ നിന്ന് 519 വിക്കറ്റെടുത്ത കോര്‍ട്‌നി വാല്‍ഷാണ് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത വിന്‍ഡീസ് ബൗളര്‍. മത്സരത്തിലാകെ 72 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ റോച്ച് ആണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്.