മുംബൈ: കോളേജ് പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ കോളേജ് വിദ്യാർഥി കുഴഞ്ഞുവീണുമരിച്ചു. ഇരുപതുകാരിയായ വർഷ ഖാരാട്ട് ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമായത്. മഹാരാഷ്ട്രയിലെ ധാരാശിവ് സിറ്റിയിലാണ് സംഭവം.
മഹർഷി ഗുരുവര്യ ആർജി ഷിൻഡെ മഹാവിദ്യാലയയിലാണ് സംഭവം നടന്നത്. കോളേജിലെ പരിപാടിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു വർഷ. ഇതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ചുറ്റുമുള്ളവർ ഓടിയടുത്ത് ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്തനായില്ല.
ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നും അടുത്തിടെ സമാനസംഭവം പുറത്തുവന്നിരുന്നു. ഭാര്യക്കൊപ്പം ഇരുപത്തിയഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുന്നതിനിടെ ഭർത്താവ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഭാര്യക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെയാണ് അമ്പതുവയസ്സുകാരനായ വസിം സർവാർ കുഴഞ്ഞുവീണത്. ഹൃദയാഘാതം തന്നെയായിരുന്നു വസിമിന്റെയും ജീവനെടുത്തത്.
അടുത്തിടേയായി യുവാക്കൾക്കിടയിലെ ഹൃദയാഘാതനിരക്ക് വർധിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ മാത്രം ഹൃദ്രോഗസംബന്ധമായ രോഗങ്ങൾ കാരണം മരണപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻവർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് അടുത്തിടെ സർക്കാർ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഹൃദയാഘാത മരണങ്ങൾ മൂന്നുവർഷം കൊണ്ട് കുത്തനെ ഉയർന്നുവെന്നാണ് കണക്കുകളിലുള്ളത്. 2020-ൽ 28,759 2021-ൽ 28,413 2022-ൽ 32,457 എന്നിങ്ങനെയാണ് കണക്കുകൾ. നിരന്തരം ചെക്കപ്പുകൾ നടത്തുകയും ഹൃദയാരോഗ്യം പരിശോധിക്കുകയും ചെയ്യണമെന്നാണ് വിദഗ്ധർ പറയുന്നത്.
മുൻകാലങ്ങളിൽ പ്രായമായവരിൽമാത്രം കൂടുതലായി കണ്ടിരുന്ന ഹൃദയാഘാതമരണങ്ങൾ മുപ്പതുകളിലും നാൽപതുകളിലും സാധാരണമാവുകയും ചെയ്തു. വ്യായാമത്തിൽ വിട്ടുവീഴ്ച്ച ചെയ്യാതിരിക്കുകയും ആരോഗ്യകരമായ ഭക്ഷണശീലം പാലിക്കുകയും മതിയായ ഉറക്കം ലഭ്യമാക്കുകയും പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങൾ കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഹൃദയാരോഗ്യം കാക്കാമെന്ന് വിദഗ്ധർ പറയുന്നു.
ശ്രദ്ധിക്കേണ്ട പ്രാരംഭ ഹൃദ്രോഗ സൂചനകള്‍ എന്തൊക്കെയാണ്?
ഹൃദ്രോഗം പോലെ ജീവിതശൈലി പ്രശ്നങ്ങള്‍ കൊണ്ടുണ്ടാകുന്ന മിക്ക രോഗങ്ങളും വളരെ സാവധാനത്തില്‍ ഗുരുതരമായിത്തീരുകയാണ് ചെയ്യുന്നത്. ഹൃദയധമനികളില്‍ കൊഴുപ്പ് സാവധാനം അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുവാന്‍ പത്തോ ഇരുപതോ ചിലപ്പോള്‍ അതിലധികമോ വര്‍ഷങ്ങള്‍ തന്നെ എടുത്തേക്കാം. ചിലപ്പോള്‍ 20 അല്ലെങ്കില്‍ 25 വയസ്സില്‍ ആയിരിക്കും രോഗാവസ്ഥയുടെ ആദ്യപടികള്‍ ശരീരത്തില്‍ കണ്ടു തുടങ്ങുന്നത്. പക്ഷേ ഈ സമയത്ത് ഇത് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും സാധാരണയായി കാണിക്കാറില്ല.
പ്രാഥമിക പരിശോധനയില്‍ നിന്ന് ഹൃദ്രോഗ സാധ്യതകള്‍ തിരിച്ചറിയാന്‍ പോലും യഥാര്‍ഥത്തില്‍ കഴിയുകയില്ല. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോഴേക്കും ചില ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ഈ ലക്ഷണങ്ങളെയും ചിലപ്പോള്‍ നമുക്ക് തിരിച്ചറിയാന്‍ സാധിക്കാതെ വരാറുണ്ട്. വളരെ ക്ലാസിക്കല്‍ ആയ ഹൃദ്രോഗ ലക്ഷണങ്ങള്‍ (Typical Symptoms) ആരംഭിക്കുമ്പോള്‍ മാത്രമാണ് അതൊരു ഹൃദ്രോഗ സൂചനയായി പലപ്പോഴും നാം തിരിച്ചറിയുന്നത്. നടക്കുമ്പോള്‍ ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോള്‍ അനുഭവപ്പെടുന്ന നെഞ്ചുവേദന എന്നിവ സാധാരണയായി ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായി കരുതപ്പെടുന്നു.
എന്നാല്‍, ഇതിനു മുമ്പേ ഹൃദ്രോഗസാധ്യത സംശയിക്കേണ്ട ചില സൂചനകള്‍ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അമിതമായ ക്ഷീണം, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ ഇടതുകൈയില്‍ ഉണ്ടാകുന്ന കടച്ചില്‍, അമിതമായ വിയര്‍പ്പ്, കഴുത്ത് പിടിച്ച് മുറുക്കുന്നത് പോലെയുള്ള വേദന, അധ്വാനം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന കണ്ണില്‍ ഇരുട്ട് അടയ്ക്കല്‍ അല്ലെങ്കില്‍ ബോധക്കേട് എന്നിവ ഹൃദ്രോഗത്തിന്റെ വിദൂര സൂചനകളായി മനസ്സിലാക്കേണ്ടതുണ്ട്. ഭാരപ്പെട്ട ജോലികള്‍ ചെയ്യുമ്പോള്‍ നെഞ്ചില്‍ പതിവായി അസ്വസ്ഥത ഉണ്ടാകുകയും വിശ്രമിക്കുമ്പോള്‍ വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നവര്‍ തീര്‍ച്ചയായും വൈദ്യോപദേശം തേടേണ്ടതാണ്. നെഞ്ചരിച്ചില്‍ പ്രശ്നങ്ങളായോ ഗ്യാസിന്റെ ബുദ്ധിമുട്ടായോ അവയെ അവഗണിക്കരുത്.

