കള്ളുഷാപ്പില്‍ കയറി കരിമീന്‍ മപ്പാസും താറാവു കറിയും ഉള്‍പ്പടെ 1000 രൂപയ്ക്ക് ഭക്ഷണം കഴിച്ചു; പണം നല്‍കാതെ മുങ്ങി! നാട്ടുകാര്‍ ഓടിച്ചിട്ടു പിടിച്ചു

കുമരകം: കള്ളുഷാപ്പില്‍ കയറി ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ കടന്നു കളഞ്ഞ രണ്ടുപേരെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. തിരുവനന്തപുരം സ്വദേശികളായ രണ്ടുപേരാണ് പിടിയിലായത്. കുമരകം കണ്ണാടിച്ചാലിനു സമീപത്തെ ഷാപ്പിലാണു സംഭവം. ഇന്നലെ ഉച്ചയോടെ 2 പേര്‍ ഷാപ്പിലെത്തി.

ഇവിടുത്തെ പ്രത്യേക മുറിയില്‍ ഇരുന്നു കരിമീന്‍ മപ്പാസും താറാവു കറിയും ഉള്‍പ്പെടെ ആയിരത്തിലേറെ രൂപയുടെ ഭക്ഷണമാണ് കഴിച്ചത്. കാര്‍ ഓടിച്ചിരുന്ന ആള്‍ ആദ്യം കൈ കഴുകി കാറിലിരുന്നു. ഷാപ്പിലെ ജീവനക്കാരന്‍ ബില്ലെടുക്കാന്‍ പോയ സമയം നോക്കി രണ്ടാമത്തെ ആളും കൈ കഴുകി കാറില്‍ കയറി.

ബില്ലുമായി വന്ന ജീവനക്കാരന്‍ കാര്‍ വിട്ടു പോകുന്നതാണ് കണ്ടത്. ഉടനടി, സമീപത്തെ താറാവു കടക്കാരനോടു വിവരം പറഞ്ഞു. കാര്‍ തടയാന്‍ നോക്കിയെങ്കിലും വെട്ടിച്ചു കടന്നു പോയി. ഇതേത്തുടര്‍ന്ന് ജീവനക്കാര്‍ ബൈക്കില്‍ പിന്നാലെ വിട്ടു. ഇല്ലിക്കല്‍ ഷാപ്പിലെ ജീവനക്കാരെയും പരിചയക്കാരെയും ഫോണില്‍ വിളിച്ചു വിവരം പറയുകയും ചെയ്തു.

കാര്‍ ഇല്ലിക്കല്‍ എത്തിയപ്പോഴേക്കും നാട്ടുകാര്‍ തടഞ്ഞു. ഷാപ്പിലെ ജീവനക്കാരെത്തി പണം ചോദിച്ചെങ്കിലും പണം നല്‍കാന്‍ ആദ്യം തയാറായില്ല. പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇരുവരെയും സ്റ്റേഷനിലേക്കു കൊണ്ടു പോയി. പിന്നീട് ഗൂഗിള്‍ പേ വഴി പണം ഷാപ്പ് ഉടമയ്ക്കു നല്‍കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News