ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 2 ലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകളാണ്. കൃത്യമായ കണക്ക് പറഞ്ഞാൽ 2,00,739 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോർട്ട് ചെയ്തതിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 1038 പേർ ഇന്നലെ മാത്രം മരണപ്പെട്ടു. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഇതാദ്യമായാണ് ഒരു ദിവസം 1038 പേർ മരണപ്പെടുന്നത്. മരണനിരക്കും ദിനംപ്രതി വർധിച്ച് വരികയാണ്.
രാജ്യത്ത് നിലവിൽ 15 ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ നാല് ദിവസവും ഒന്നരലക്ഷത്തിലധികം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. എട്ട് ദിവസത്തിലധികമായി പ്രതിദിനം ഒരു ലക്ഷത്തിന് മുകളിൽ കൊവിഡ് കേസുകളുണ്ട് രാജ്യത്ത്. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ ഇപ്പോൾ. ഒന്നാംസ്ഥാനത്ത് അമേരിക്കയാണ്.
രാജ്യത്ത് കൊവിഡ് കേസുകൾ ഏറ്റവുമധികമുള്ളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്തെ സ്ഥിതി ഗുരുതരമാണ്. മഹാരാഷ്ട്രയിൽ ആശുപത്രികളിൽ ബെഡ്ഡുകൾക്കും മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകൾക്കും കടുത്ത ക്ഷാമമാണ് നേരിടുന്നത്. മൃതശരീരങ്ങളെല്ലാം പുറത്ത് കിടത്തേണ്ട അവസ്ഥയാണുള്ളത്. കൊവിഡ് രോഗികളെ കിടത്തിചികിത്സിക്കാൻ സൗകര്യമില്ലാതെ വരികയാണ്. രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ കേരളം രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്ത് കർണാടകയാണ്. തമിഴ്നാടും ആന്ധ്രാപ്രദേശുമാണ് തൊട്ടുപിന്നിൽ.
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം മെയ് അവസാനം വരെ തുടരുമെന്നാണ് മുന്നറിയിപ്പ്. സജീവമായ കേസുകളിലെ വര്‍ധനവ് പ്രതിദിനം 7% വരുമെന്നും പ്രമുഖ വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീല്‍ വ്യക്തമാക്കി.
പ്രതിദിനം 7% വരെ വര്‍ദ്ധനവ് ഉണ്ടായാല്‍ പ്രതിദിനം ഏകദേശം മൂന്ന് ലക്ഷം കേസുകള്‍ ഉണ്ടായേക്കുമെന്നും അദേഹം ചൂണ്ടിക്കാട്ടി . രണ്ടാം തരംഗം എളുപ്പത്തില്‍ പടര്‍ന്നു പിടിക്കുന്നതാണ്. എന്നാല്‍ അവ മാരകമാണെന്ന് പറയാനാകില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം രാജ്യത്ത് വാക്സിന്‍ ക്ഷാമം ഉണ്ടാകില്ലെന്നും, സീറം ഇന്‍സ്റ്റിറ്റിയട്ടിന് പ്രതിമാസം 50-60 ദശലക്ഷം ഡോസുകളും ഭാരത് ബയോടെകിന് പ്രതിമാസം 20-30 ദശലക്ഷം ഡോസുകളും ഉത്പ്പാദിപ്പിക്കാന്‍ കഴിയുമെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് വ്യാപനം തടയുന്നതിനായി എല്ലാ നഗരങ്ങളിലും രാത്രി കർഫ്യൂ പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർ. വൈകിട്ട് 6 മുതൽ രാവിലെ 6 വരെയാണ് കർഫ്യൂ. വെള്ളിയാഴ്ച മുതൽ ഈ മാസം അവസാനം വരെ നിയന്ത്രണമുണ്ടാകും. എല്ലാ വ്യാപാര സ്ഥാപനങ്ങളും വൈകിട്ട് 5 വരെ മാത്രമേ പ്രവർത്തിക്കാവൂ.
വിദ്യാഭ്യാസ സ്ഥാപനങ്ങളും കോച്ചിങ് സെന്റെറുകളും പൂർണമായും അടച്ചിടണം. പൊതുചടങ്ങുകളും സംഘടിപ്പിക്കാൻ പാടില്ല. വിവാഹച്ചടങ്ങുകൾക്ക് പരമാവധി 50 പേർക്ക് മാത്രമേ പങ്കെടുക്കാൻ അനുവാദമുള്ളൂ. ചൊവ്വാഴ്ച ആറായിരത്തിലധികം പേർക്കാണ് രാജസ്ഥാനിൽ കോവിഡ് സ്ഥിരീകരിച്ചത്. തലസ്ഥാനമായ ജയ്പൂരിൽ മാത്രം 1325 പേർക്ക് പുതുതായി രോഗം ബാധിച്ചു.