ബോസ്റ്റണ്‍: അറ്റ്‌ലാന്റിക്കിന്റെ അടിത്തട്ടിലുള്ള ടൈറ്റാനിക്കിനെ ലക്ഷ്യമാക്കി നീങ്ങി ദുരന്തത്തിലവസാനിച്ച ടൈറ്റനിലെ ‘കുട്ടി’യാത്രക്കാരന്‍ സുലേമാന്‍ ദാവൂദ് ഈ സാഹസികയാത്രയില്‍ തീരെ തത്പരനായിരുന്നില്ലെന്ന് അമ്മായിയുടെ വെളിപ്പെടുത്തല്‍. ടൈറ്റന് വേണ്ടിയുള്ള തിരച്ചില്‍ നടക്കുന്നതിനിടെ എന്‍ബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാക് കോടീശ്വരനും സുലേമാന്‍ ദാവൂദിന്റെ പിതാവുമായ ഷെഹ്‌സാദ ദാവൂദിന്റെ മൂത്തസഹോദരി അസ്മി ഇക്കാര്യം അറിയിച്ചത്.
പത്തൊമ്പതുകാരനായ സുലേമാന്‍ യാത്രയെ അതിയായി ഭയപ്പെട്ടിരുന്നതായും അവന്‍റെ അച്ഛന്റെ ആവശ്യപ്രകാരമാണ് സുലേമാന്‍ യാത്രയില്‍ പങ്കാളിയായതെന്നും അസ്മി പറഞ്ഞു. ഫാദേഴ്‌സ് ഡേയിൽ അച്ഛന്റെ ആഗ്രഹം അവന് തള്ളിക്കളയാനാവുമായിരുന്നില്ല. ലക്ഷക്കണക്കിന് ഡോളര്‍ നല്‍കിയാണ് അവര്‍ ടൈറ്റന്‍ യാത്രക്കൊരുങ്ങിയത്, അവര്‍ കൂട്ടിച്ചേര്‍ത്തു. ടൈറ്റന്റെ യന്ത്രഭാഗങ്ങള്‍ കണ്ടെത്തിയതായും പേടകത്തിലെ യാത്രക്കാര്‍ മരിച്ചതായി കണക്കാക്കാമെന്നുമുള്ള യുഎസ് കോസ്റ്റ്ഗാര്‍ഡിന്റെ പ്രഖ്യാപനം വരുന്നതിന് മുമ്പായിരുന്നു അസ്മിയുടെ പ്രതികരണം.
സുഖകരമല്ലാത്ത ഒരു സിനിമ കാണുന്നതുപോലെയാണ് ടൈറ്റന് വേണ്ടിയുള്ള തിരച്ചില്‍ തനിക്കിപ്പോള്‍ അനുഭവപ്പെടുന്നത്. മണിക്കൂറുകളുടെ കൗണ്ട് ഡൗണ്‍ നടത്തുമ്പോള്‍ നിങ്ങള്‍ എന്തിന്റെ കൗണ്ട് ഡൗണാണ് യഥാര്‍ഥത്തില്‍ നടത്തുന്നതെന്നും ആ പേടകത്തിലുള്ളവരുടെ കുടുംബാംഗങ്ങള്‍ക്കും അടുപ്പമുള്ളവര്‍ക്കും അതുണ്ടാക്കുന്ന ദുഃഖം എത്രത്തോളമായിരിക്കുമെന്നും തിരിച്ചറിവ് വേണം. കാണാതായ പേടകത്തിലുള്ളവരെ കുറിച്ചാലോചിക്കുമ്പോള്‍ തനിക്ക് ശ്വാസംമുട്ടുന്നതുപോലെ തോന്നുന്നതായും അവര്‍ പറഞ്ഞു.
ടൈറ്റന്‍ ദുരന്തത്തിന് അഞ്ച് കൊല്ലം മുമ്പ് തന്നെ ടൈറ്റന്റെ സുരക്ഷ സംബന്ധിച്ച് ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡിഷന്‍സിലെ ഉദ്യോഗസ്ഥന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഈ ഉദ്യോഗസ്ഥനെ ഓഷ്യന്‍ഗേറ്റ് പുറത്താക്കി. ഇതിനെതിരെ പിരിച്ചുവിടപ്പെട്ട മറൈന്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഡേവിഡ് ലോച്‌റിഡ്ജ് കേസ് ഫയല്‍ ചെയ്യുകയും പേടകത്തിന്റെ സുരക്ഷാപിഴവുകളെ കുറിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ജൂൺ 18 പ്രാദേശിക സമയം രാവിലെ 8.15-നാണ് ടൈറ്റന്‍ യാത്ര തുടങ്ങിയത്. ഏഴ് മണിക്കൂറിനുശേഷം തിരിച്ചെത്തേണ്ടതായിരുന്നു. എന്നാല്‍ ടൈറ്റനെ നിയന്ത്രിച്ചിരുന്ന കപ്പലുമായുള്ള ബന്ധം അപ്രതീക്ഷിതമായി നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് നാലുദിവസം തിരച്ചിൽ നടത്തിയിട്ടും ടൈറ്റന് എന്തുസംഭവിച്ചു എന്ന കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ല.
പേടകത്തില്‍ ഉണ്ടായിരുന്ന അഞ്ചുപേരും മരിച്ചതായി കണക്കാക്കുന്നുവെന്ന് യു.എസ് കോസ്റ്റ് ഗാര്‍ഡ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ശക്തമായ മര്‍ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് പൊട്ടിയതാണെന്ന നിഗമനത്തിലാണ് അധികൃതര്‍. ഒരു സ്ഫോടനത്തിന് സമാനമായ ദുരന്തമാണ് സംഭവിച്ചതെന്നാണ് വിലയിരുത്തല്‍. കാര്‍ബണ്‍ ഫൈബറും ടൈറ്റാനിയവും കൊണ്ട് നിര്‍മിച്ചതായിരുന്നു 6.7 മീറ്റര്‍ നീളമുള്ള പേടകം. പൈലറ്റിന് പുറമെ നാല് യാത്രക്കാര്‍ക്കുകൂടി സഞ്ചരിക്കാന്‍ കഴിയുംവിധം രൂപകല്‍പ്പനചെയ്ത പേടകത്തിന് പരമാവധി 4000 മീറ്റര്‍ ആഴത്തില്‍വരെയാണ് പോകാന്‍ കഴിയുക.
പേടകത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട വിവരം യു.എസ് കോസ്റ്റ് ഗാര്‍ഡിനെ അറിയിക്കാന്‍ എട്ട് മണിക്കൂര്‍ വൈകിയെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സമുദ്രോപരിതലത്തില്‍ ഉണ്ടായിരുന്ന കപ്പലില്‍ ഉണ്ടായിരുന്നവര്‍ കോസ്റ്റ് ഗാര്‍ഡിനെ വിവരമറിയിക്കാന്‍ എട്ടു മണിക്കൂര്‍ വൈകിയത് എന്തുകൊണ്ടെന്ന ചോദ്യം അവശേഷിക്കുന്നുവെന്ന് എ.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. എന്തുകൊണ്ടാണ് വൈകിയത് എന്നകാര്യം പേടകത്തിന്റെ ഉടമകളായ ഓഷ്യന്‍ഗേറ്റ് എക്സ്പെഡിഷന്‍സ് ഇതുവരെ വിശദീകരിച്ചിട്ടില്ലെന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പോളാര്‍ പ്രിന്‍സ് എന്ന കപ്പലാണ് ടൈറ്റനെ നിയന്ത്രിച്ചിരുന്നത്.