തിരുവനന്തപുരത്ത് ദുരൂഹസാഹചര്യത്തിൽ 19-കാരിയെ കാണാതായതായി പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി പരാതി. പോത്തന്‍കാട് സ്വദേശിനി സുആദ(19)യെയാണ് കാണാതായത്. ബന്ധുക്കള്‍ പോത്തന്‍കോട് പോലീസിനും റൂറല്‍ എസ്പിക്കും പരാതി നല്‍കി ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.

കഴിഞ്ഞ മാസം 30-നാണ് തിരുവനന്തപുരം എം.ജി കോളേജിലെ ഒന്നാം വര്‍ഷം ഫിസിക്‌സ് ബിരുദ വിദ്യാര്‍ഥിനിയായ സുആദയെ കാണാതാകുന്നത്. വീട്ടില്‍ നിന്ന് ട്യൂഷനെടുക്കാനായി സ്ഥാപനത്തിലേക്ക് പോയതാണ്. പിന്നീട് തിരിച്ചുവന്നില്ല. ആദ്യദിവസം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് കുടുംബം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

സുആദ കന്യാകുളങ്ങളരയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ കയറി പോയതായി അന്വേഷണത്തില്‍ വിവരം ലഭിച്ചിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ പിന്നീട് എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. കന്യാകുളങ്ങളരയിലെ ഒരു കടയില്‍നിന്ന് സുആദ 100 രൂപ കടം വാങ്ങിയതായും പോലീസിന് വിവരം ലഭിച്ചിരുന്നു.

വീട്ടില്‍നിന്ന്‌ വസ്ത്രങ്ങളടങ്ങിയ ബാഗ് സുആദ എടുത്തിരുന്നുവെന്നാണ് വിവരം. അതേസമയം, മൊബൈല്‍ ഫോണ്‍ വീട്ടില്‍വച്ചിട്ടാണ് പോയത്. പോലീസ് ഫോണ്‍ പരിശോധിച്ചെങ്കിലും കാര്യമായ വിവരം ലഭിച്ചില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News