ന്യൂഡൽഹി: ഡൽഹിയിൽ വിവിധ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മെട്രോ റെയിൽ ഗതാഗതത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ശനിയാഴ്ച രാവിലെ ഏഴര മുതൽ ഡൽഹിയിലെ പ്രധാനപ്പെട്ട 18 മെട്രോ സ്റ്റേഷനുകൾ അടച്ചിടാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. തുടർച്ചയായ മൂന്നാം ദിവസമാണ് ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾക്ക് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
പ്രധാനപ്പെട്ട ഇന്റർചേഞ്ച് സ്റ്റേഷനുകളായ രാജീവ് ചൗക്ക്, മണ്ടി ഹൗസ്, സെൻട്രൽ സെക്രട്ടേറിയറ്റ് എന്നിവയുൾപ്പെടെയുള്ള സ്റ്റേഷനുകളിലാണ് നിയന്ത്രണങ്ങൾ ബാധകമാവുക. ഈ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ഒരു ലൈനിൽ നിന്നും മറ്റൊരു ലൈനിലേക്ക് ട്രെയിൻ മാറി കയറാൻ (interchange) അനുമതി ഉണ്ടായിരിക്കും. എന്നാൽ, ഈ സ്റ്റേഷനുകളിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ യാത്രക്കാരെ അനുവദിക്കില്ലെന്ന് പോലീസ് പുറത്തിറക്കിയ അഡ്വൈസറിയിൽ വ്യക്തമാക്കുന്നു.
മെട്രോ സ്റ്റേഷനുകളുടെ ഈ അടച്ചിടൽ നഗരത്തിലെ പതിവ് യാത്രക്കാരെയും ഓഫീസ് ജീവനക്കാരെയും വലിയ ദുരിതത്തിലാക്കും. അടച്ചിടുന്ന പല മെട്രോ സ്റ്റേഷനുകളും പ്രധാന ഓഫീസ് സമുച്ചയങ്ങൾക്ക് തൊട്ടടുത്തായതിനാൽ ജോലിക്ക് പോകുന്നവർക്ക് ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. യാത്രാ സൗകര്യങ്ങൾ പെട്ടെന്ന് തടസ്സപ്പെടുന്നത് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ജന്തർ മന്തർ കേന്ദ്രീകരിച്ചു നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ക്രമസമാധാന പാലനത്തിനായാണ് പോലീസ് ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. സെൻട്രൽ ഡൽഹിയിലെ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള ജനപ്രവാഹം നിയന്ത്രിക്കാനാണ് 18 സ്റ്റേഷനുകൾ അടച്ചിടാൻ തീരുമാനിച്ചത്. ജന്തർ മന്തർ പരിസരത്ത് ഫുഡ് ഡെലിവറിക്കും കാബുകൾക്കും നിയന്ത്രണമേർപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.


