കൊച്ചി: ബജറ്റിലെ ഇളവില്‍ വലിയ ആശ്വാസം നേടിയിരിക്കുകയാണ് സ്വര്‍ണ പ്രേമികള്‍. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ചൊവ്വാഴ്ച ഉച്ചയ്ക്ക് പവന് 2000 രൂപയാണ് കുറഞ്ഞത്. ഇനിയും കുറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇന്ന് വിലയില്‍ മാറ്റമില്ല. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. അതേസമയം, കേരളത്തില്‍ പ്രചാരത്തിലുള്ള 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ മാറ്റം വന്നിട്ടുണ്ട്.
സ്വര്‍ണവില നിശ്ചയിക്കുന്നത് ആഭ്യന്തരമായ ഘടകങ്ങള്‍ മാത്രം പരിഗണിച്ചല്ല. ആഗോള വിപണി സാഹചര്യം, രാഷ്ട്രീയ കാര്യങ്ങള്‍, ക്രൂഡ് ഓയില്‍ വില, പലിശ നിരക്ക്, കറന്‍സി മൂല്യം തുടങ്ങി ഒന്നിലധികം ഘടകങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കും. ഡോളര്‍ നേരിയ തോതില്‍ കരുത്താര്‍ജിച്ചിട്ടുണ്ട്. അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവില ചാഞ്ചാടുകയാണ്. അറിയാം കേരളത്തിലെ സ്വര്‍ണവില സംബന്ധിച്ച്…
24, 22, 18 കാരറ്റ് സ്വര്‍ണമാണ് കേരളത്തില്‍ പ്രചാരത്തിലുള്ളത്. 22 കാരറ്റ് വാങ്ങാനാണ് ഉപഭോക്താക്കള്‍ കൂടുതല്‍. സ്വര്‍ണവിപണിയില്‍ ഉപഭോക്താക്കള്‍ പരിശോധിക്കുന്ന വിലയും 22 കാരറ്റിന്റേതായിരിക്കും. ഈ സ്വര്‍ണത്തിന് ഇന്ന് വിലമാറ്റമില്ല. ഇന്നലെ രാവിലെ 200 രൂപയും ഉച്ചയ്ക്ക് ശേഷം 2000 രൂപയും കുറഞ്ഞിരുന്നു. പവന് 51960 രൂപ, ഗ്രാമിന് 6495 രൂപ എന്നിങ്ങനെയാണ് വില.
അതേസമയം, ഇന്ന് കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണത്തില്‍ വലിയ ഇടിവുണ്ടായി. ഗ്രാമിന് 210 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 5395 രൂപയാണ് ഈ പരിശുദ്ധിയിലുള്ള സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത്. 22 കാരറ്റ് സ്വര്‍ണത്തിന് വില കുത്തനെ കൂടിയ വേളയില്‍ കൂടുതല്‍ ഉപഭോക്താക്കള്‍ 18 കാരറ്റിലേക്ക് തിരിഞ്ഞിരുന്നു. വ്യത്യസ്ത ഡിസൈനിലുള്ള ആഭരണങ്ങള്‍ 18 കാരറ്റിലുണ്ട് എന്നതാണ് ശ്രദ്ധേയം. മാത്രമല്ല, 22 കാരറ്റിനേക്കാള്‍ 1000ത്തിലധികം രൂപയുടെ കുറവ് ഗ്രാമിലുണ്ടാകുകയും ചെയ്യും.
കേരളത്തില്‍ വെള്ളി വില ഗ്രാമിന് മൂന്ന് രൂപ കുറഞ്ഞ് 92ലേക്ക് എത്തിയിട്ടുണ്ട്. ആഗോള വിപണിയില്‍ സ്വര്‍ണവില ചാഞ്ചാടുകയാണ്. ഇന്നലെ ഔണ്‍സിന് 2410 ഡോളറിലാണ് വ്യാപാരം അവസാനിച്ചത്. ഇന്നും വലിയ മാറ്റം സംഭവിച്ചിട്ടില്ല. കയറ്റിറക്കം തുടരുകയാണ്. ഡോളറിന്റെ മൂല്യം കയറി വരുന്നത് ആഗോള വിപണിയില്‍ സ്വര്‍ണവില കുറയാന്‍ വഴിയൊരുക്കുന്നതാണ്. ഡോളര്‍ സൂചിക 104.48ലെത്തിയിട്ടുണ്ട്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 83.71 എന്ന നിരക്കിലാണ്.
ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികള്‍ക്ക് നേട്ടമാണ്. അവര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് കൂടുതല്‍ മൂല്യം ലഭിക്കും. ആഗോള വിപണിയില്‍ എണ്ണ വിലയില്‍ വലിയ മുന്നേറ്റമില്ല എന്നതാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. ബ്രെന്റ് ക്രൂഡ് ബാരലിന് 81.32 ഡോളര്‍ ആണ് രാവിലെ രേഖപ്പെടുത്തുന്ന വില. മര്‍ബണ്‍ ക്രൂഡ് 80 ഡോളറിലേക്കും ഡബ്ല്യുടിഐ ക്രൂഡ് 77 ഡോളറിലേക്കും ഇടിഞ്ഞിട്ടുണ്ട്.