കാമുകിയുടെ വീട്ടിലെത്തിയ 17 വയസുകാരനെ ബന്ധുക്കള്‍ ചേര്‍ന്ന് തല്ലിക്കൊന്നു
അഗര്‍ത്തല: കാമുകിയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ 17കാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ത്രിപുരയിലെ ഗോമതി ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. റിപന്‍ സര്‍ക്കാര്‍ എന്ന 12ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. മുന്‍പൊരിക്കല്‍ പെണ്‍കുട്ടിയെ അവളുടെ വീട്ടിലെത്തി കണ്ടതിന് റിപന്‍ സര്‍ക്കാറിനെ ആളുകള്‍ ചേര്‍ന്ന് മര്‍ദിച്ചിരുന്നു.
കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാനെത്തിയ വിദ്യാര്‍ത്ഥിയെ ഒരു സംഘം വീടിനകത്തു നിന്നും പിടികൂടുകയായിരുന്നു. സംഭവം ആരോ റിപന്റെ അമ്മാവനായ പ്രഫുല്‍ സര്‍ക്കാറിനെ വിവരമറിയിച്ചു. ഇദ്ദേഹം ഉടനടി സ്ഥലത്തെത്തിയെങ്കിലും ആള്‍ക്കൂട്ടം തടഞ്ഞു. തുടര്‍ന്ന് അമ്മാവനെ പിടിച്ചുവെച്ചതിനു ശേഷം റിപനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് ആള്‍ക്കൂട്ടം സ്ഥലം വിട്ട് പോയത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ റിപനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചു ൃ. കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.