സ്വർണമാല കാമുകന് ഊരി നൽകി, ബൈക്കിൽ വന്നവർ മാല പൊട്ടിച്ചെന്ന് പരാതി; പോലീസിനെ വലച്ച് പതിനേഴുകാരി

കൊച്ചി: ബൈക്കിൽ വന്നവർ തന്റെ സ്വർണമാല പൊട്ടിച്ചെന്ന പതിനേഴുകാരിയുടെ പരാതിയിൽ വലഞ്ഞ് പൊലീസ്. അഞ്ചു പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെയും ഹൈവേ പട്രോളിങ് സംഘവുമാണ് കള്ളനെ പിടിക്കാൻ നേട്ടോട്ടമോടിയത്. എന്നാൽ കാമുകന് മാല ഊരി നൽകിയതിനു ശേഷമായിരുന്നു കുട്ടിയുടെ കള്ളപ്പരാതി. 

ചെറായി സ്വദേശിയായ പെൺകുട്ടിയാണ് മാല മോഷ്ടിച്ചതായി പരാതി നൽകിയത്. ക്ഷേത്രത്തിൽ പോയി മടങ്ങുമ്പോൾ ബൈക്കിലെത്തിയ രണ്ടംഗ സംഘം മാല പൊട്ടിച്ചു കടന്നു എന്നായിരുന്നു പെൺകുട്ടി വീട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. ഉടനടി പൊലീസ് വിവിധ സംഘങ്ങളായി തിരച്ചിലിന് ഇറങ്ങി.

എന്നാൽ പെൺകുട്ടി പറഞ്ഞ ബ്രാൻഡിലും നിറത്തിലുമുള്ള ബൈക്ക് കണ്ടെത്താനായില്ല. ഹൈവേ പട്രോളിങ് സംഘവും രംഗത്തെത്തിയെങ്കിലും തുമ്പൊന്നും കിട്ടിയില്ല. 

തുടർന്നാണ് പൊലീസിന് പരാതിയിൽ സംശയം തോന്നുന്നത്. ക്ഷേത്ര പരിസരത്തെ സിസിടിവി കാമറകൾ പരിശോധിച്ചപ്പോൾ പെൺകുട്ടിയെ ആരും പിന്തുടരുന്നതോ ആക്രമിക്കുന്നതോ കണ്ടെത്താനായില്ല. തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോൾ തിരുവനന്തപുരം സ്വദേശിയായ കാമുകൻ തന്നെ കാണാൻ കഴിഞ്ഞ ദിവസം ചെറായിയിൽ വന്നെന്നും അപ്പോൾ മാല സമ്മാനമായി ഊരി നൽകിയതാണെന്നും പെൺകുട്ടി സമ്മതിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News