ഭാര്യയെ വിറ്റിട്ടില്ല, അറുപതിനായിരം രൂപയ്ക്ക് പണയം വെയ്ക്കുകയായിരുന്നു; പണം ഉപയോഗിച്ചത് ചികിത്സയ്ക്കെന്നും 17കാരന്‍

ഭുവനേശ്വര്‍: ഫോണ്‍ വാങ്ങിക്കാനും ധൂര്‍ത്തടിക്കാനുമായി ഭാര്യയെ 1.8 ലക്ഷം രൂപയ്ക്ക് വിറ്റെന്ന കേസില്‍ അറസ്റ്റിലായ 17കാരന്‍ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്ത്. 26 വയസ്സുള്ള ഭാര്യയെ വിറ്റിട്ടില്ലെന്നും 60,000 രൂപയ്ക്ക് പണയം വെച്ചതാണെന്നുമാണ് ഒഡീഷയിലെ ബലംഗീര്‍ ബേല്‍പാഡ സ്വദേശിയായ 17കാരന്റെ മൊഴി.

തനിക്ക് ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന്റെ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും പണം ആവശ്യമായതിനാലാണ് ഭാര്യയെ പണയമായി നല്‍കിയതെന്നും പ്രതി പോലീസിന് മൊഴി നല്‍കിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞദിവസമാണ് 1.8 ലക്ഷം രൂപയ്ക്ക് ഭാര്യയെ വിറ്റെന്ന കേസില്‍ 17-കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യയായ 26-കാരിയെ രാജസ്ഥാനിലെ ബാരന്‍ ജില്ലയില്‍നിന്ന് പോലീസ് മോചിപ്പിക്കുകയും ചെയ്തിരുന്നു. വിവാഹത്തിന് ശേഷം രാജസ്ഥാനിലെ ഇഷ്ടിക കളത്തില്‍ ജോലിക്ക് പോയതായിരുന്നു ദമ്പതിമാര്‍.

ഇവിടെവെച്ചാണ് 17-കാരന്‍ 1.8 ലക്ഷം രൂപയ്ക്ക് ഭാര്യയെ 55-കാരന് വിറ്റത്. ഈ പണം ഉപയോഗിച്ച് പ്രതി സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയെന്നും ബാക്കി തുക ഭക്ഷണത്തിനായി ഹോട്ടലുകളില്‍ ചെലവഴിച്ചെന്നും പോലീസ് പറഞ്ഞു. പ്രതിയായ 17-കാരനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News