സിനിമാമോഹം നൽകി 17കാരിയെ തട്ടിക്കൊണ്ടു പോയി; യുവസംവിധായകനുൾപ്പെടെ 2 പേർ പിടിയിൽ

കൊയിലാണ്ടി: കുറുവങ്ങാട്ടുനിന്ന് കാണാതായ പതിനേഴുകാരിയെ കര്‍ണാടകയിലെ മടിവാളയില്‍ കണ്ടെത്തി. പെണ്‍കുട്ടിയെയും കൂടെയുണ്ടായിരുന്ന യുവസംവിധായകന്‍ കുറുവങ്ങാട് കേളമ്പത്ത് ജാസിക്അലി (36), സുഹൃത്തായ എരഞ്ഞിക്കല്‍ മണ്ണാര്‍ക്കണ്ടി അല്‍ ഇര്‍ഫാത്തില്‍ ഷംനാദ് (33) എന്നിവരെയും കൊയിലാണ്ടി പോലീസ് കസ്റ്റഡയിലെടുത്തു. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

മൊബൈല്‍ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയും പ്രതികളും പിടിയിലാകുന്നത്. ആദ്യം ഗുണ്ടല്‍പേട്ടയിലുണ്ടെന്നറിഞ്ഞ് പോലീസ് അവിടെയെത്തുമ്പോഴേക്കും മൂവരും കടന്നുകളഞ്ഞിരുന്നു. ഫോണ്‍ സ്വിച്ച്ഓഫുമായിരുന്നു. അവിടത്തെ ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യത്തില്‍നിന്ന് മൂവരും അവിടെയെത്തിയെന്ന് സ്ഥിരീകരിച്ചു. കാര്‍നമ്പര്‍ മാറ്റിയായിരുന്നു യാത്ര. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മൈസൂരുവിലേക്കും അവിടെനിന്ന് ബെംഗളൂരുവിലേക്കും പോയതായി മനസ്സിലാക്കി. ഒടുവില്‍ ഡ്രൈവറുടെ ഫോണ്‍നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്താനായത്.

അന്വേഷണസംഘത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എന്‍. സുനില്‍കുമാറും എസ്.ഐ. വി.ആര്‍. അരവിന്ദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഒ.കെ. സുരേഷ്, വിനീഷ്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ വി. മവ്യ എന്നിവരാണുണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News