കോഴിക്കോട് പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; നാലു പേര്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട്ട് ജാനകിക്കാട്ടില്‍ പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പ്രണയം നടിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ നാദാപുരം എഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുകയാണ്.

കോഴിക്കോട് കുറ്റ്യാടിയില്‍ ഈ മാസം മൂന്നിനാണ് സംഭവം. വിനോദസഞ്ചാരത്തിന് എന്ന പേരില്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ കൊണ്ടുപോയി കാമുകനും കൂട്ടുകാരും ചേര്‍ന്ന് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു എന്നതാണ് പരാതി. ജ്യൂസില്‍ മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചത്.ബോധം വന്ന തന്നെ വൈകീട്ട് ഇരുചക്രവാഹനത്തില്‍ റോഡില്‍ ഇറക്കിവിട്ടതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. ഇക്കാര്യം പുറത്തുപറയരുതെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു.

അതേസമയം സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെ പീഡന പരാതിയുമായി പതിനേഴുകാരി രംഗത്ത് വന്നിരിന്നു. തുടര്‍വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. 2019 ല്‍ മോന്‍സന്റെ കൊച്ചിയിലെ വസതിയില്‍ വെച്ചും കൊച്ചിയിലെ മറ്റൊരു വീട്ടില്‍ വെച്ചും പീഡിപ്പിച്ചെന്നാണ് കേസ്. പീഡനം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 17 വയസായിരുന്നുവെന്ന് പെണ്‍കുട്ടിയും മാതാവും നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഭയം കൊണ്ടായിരുന്നു ഇത്രയും കാലം ഒന്നും മിണ്ടാതെ ഇരുന്നതെന്നും ഇവര്‍ വ്യക്തമാക്കി.

എറണാകുളം സ്വദേശിനിയായ യുവതി, മോന്‍സന്‍ തന്നെ ഹണിട്രാപ്പില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. ചേര്‍ത്തല സ്വദേശിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ നിന്ന് പിന്‍മാറാന്‍ പത്ത് ലക്ഷം രൂപ മോന്‍സന്‍ വാഗ്ദാനം ചെയ്തു എന്നാണ് പരാതി. ബലാത്സംഗ കേസിലെ പ്രതിയെ രക്ഷിക്കാന്‍ മോന്‍സന്‍ മാവുങ്കല്‍ പൊലീസ് സ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News