കളിയാക്കിയതിന് എട്ടുവയസുകാരിയെ കഴുത്തുഞെരിച്ചു കൊന്ന് 16-കാരൻ; മൃതദേഹം ചാക്കിലൊളിപ്പിച്ചത് പിതാവ്

മുംബൈ: കളിയാക്കിയ എട്ടുവയസുകാരിയെ 16-കാരന്‍ കഴുത്തുഞെരിച്ച് കൊന്നു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. പ്രതിയായ 16-കാരനെയും മൃതദേഹം ഒളിപ്പിച്ച പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ബന്ധുവീട്ടില്‍ നിന്നാണ് 16-കാരനെ പിടികൂടിയത്.

ഡിസംബര്‍ ഒന്നിനാണ് സംഭവമുണ്ടായതെന്നാണ് പോലീസ് പറയുന്നത്. ഐസ്‌ക്രീം വാങ്ങാനായി വീട്ടില്‍ നിന്ന് പുറത്തുപോയ പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല.

രണ്ട് ദിവസത്തിന് ശേഷം അടുത്ത വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ബെല്‍റ്റുകൊണ്ട് കാലുകള്‍കെട്ടിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍ കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. വീടിന് പുറത്തുനിന്ന് പെണ്‍കുട്ടിയുടെ ചെരിപ്പും കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് മൃതദേഹം കിട്ടിയ വീട്ടിലെ ആണ്‍കുട്ടിയെയും കാണാനില്ലെന്ന് മനസിലാക്കി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ 16-കാരന്‍ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് കണ്ടെത്തി.

മകന്‍ ചെയ്ത കൊലപാതകത്തേക്കുറിച്ച് അറിഞ്ഞശേഷം പിതാവാണ് കുട്ടിയെ ബന്ധുവീട്ടിലേക്ക് മാറ്റിയത്. പിതാവിനെ ചോദ്യം ചെയ്തപ്പോള്‍ മകനാണ് കൊല നടത്തിയതെന്ന് സമ്മതിച്ചു. തുടര്‍ന്ന് ജാല്‍നാ ജില്ലയിലെ ബന്ധുവീട്ടിലെത്തിയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. തന്നെ നിരന്തരം കളിയാക്കുന്നതിലൂടെ പെണ്‍കുട്ടി തനിക്ക് ശല്യമായി മാറിയെന്നും അവളെ ഒരു പാഠം പഠിപ്പിക്കാനാണ് ഇത് ചെയ്തതെന്നും ചോദ്യം ചെയ്യലിനിടെ പ്രതി പറഞ്ഞു.

സംഭവം നടന്ന ദിവസം രാത്രി പെണ്‍കുട്ടി ഒറ്റയ്ക്ക് പുറത്തിറങ്ങിയപ്പോള്‍ അവളെ ബലം പ്രയോഗിച്ച് തന്റെ വീട്ടിലേക്ക് കൊണ്ടുപോയെന്നും അവിടെവെച്ച് കഴുത്തുഞെരിച്ച് കൊന്നുവെന്നും പ്രതി പോലീസിനോട് സമ്മതിച്ചു. പിന്നീട് എന്ത് ചെയ്യണമെന്ന് അറിയാതെ മൃതദേഹം രണ്ട് ദിവസം വീട്ടിലൊരിടത്ത് ഒളിപ്പിച്ചു.

പിന്നീടാണ് വിവരം പിതാവിനോട് പറയുന്നത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി വീട്ടില്‍ ഉപയോഗിക്കാതിരുന്ന മുറിയില്‍ ഒളിപ്പിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News