ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മഞ്ഞുമല ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പതിനാറായി. ദൗലി ഗംഗ നദിയില്‍ നിന്ന് എട്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. പ്രളയമുണ്ടായ ചമോലിയില്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നതായി വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മന്ദാഗിനി നദി കരകവിഞ്ഞൊഴുകുന്നതാണ് രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണം.
ഇരുന്നൂറോളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. വ്യോമസേനയുടെ രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചു. അപകട കാരണം കണ്ടെത്തുന്നതിന് വിദഗ്ധ സംഘം ഇന്ന് ദുരന്ത മേഖല സന്ദര്‍ശിക്കും. രക്ഷാപ്രവര്‍ത്തനത്തിന് പിന്തുണയുമായി ഐക്യരാഷ്ട്രസഭയും രംഗത്തെത്തിയിട്ടുണ്ട്.
ദൗലി ഗംഗ നദിയില്‍ ഋഷിഗംഗ പ്രൊജക്ടിന്റെ ഭാഗമായി നിര്‍മിച്ച തുരങ്കം പൂര്‍ണമായും അടഞ്ഞത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നിരവധി പേര്‍ ഈ പ്രൊജക്ടിന്റെ ഭാഗമായി ജോലി ചെയ്തിരുന്നു. നൂറ്റിയെണ്‍പതോളം പേരെ കാണാതായതായാണ് വിവരം. തുരങ്കത്തിലെ മണ്ണ് നീക്കി കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനാണ് ശ്രമം. കാലാവസ്ഥ പ്രതികൂലമായി തുടരുന്നതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.