KeralaNews

ശോഭ സുരേന്ദ്രൻ കഴക്കൂട്ടത്ത് സ്ഥാനാർഥിയാകും; കടകംപള്ളിയെ തളയ്ക്കാൻ തന്ത്രം മെനഞ്ഞ് ബി.ജെ.പി

സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ശോഭ സുരേന്ദ്രനെ കഴക്കൂട്ടത്ത് സ്ഥാനാർഥിയാക്കി 2016 ൽ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലത്തിൽ മത്സരം കൊഴുപ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. ശോഭ സ്ഥാനാർഥിയാകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും സൂചന നൽകിയതോടെ കഴക്കൂട്ടത്ത് ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ശോഭ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പുകൾ മറികടന്നാണ് ശോഭയെ കഴക്കൂട്ടത്ത് സ്ഥാനാർഥിയാക്കാൻ ആലോചിക്കുന്നത്. കഴക്കൂട്ടം അല്ലാതെ മറ്റൊരു മണ്ഡലത്തിലും മത്സരിക്കാനില്ലെന്ന് ശോഭ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു.

അതേസമയം, ശോഭ സുരേന്ദ്രനുമായി തനിക്ക് യാതൊരു തർക്കവുമില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ‘ശോഭ സുരേന്ദ്രന്‍ ഈ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്‌ക്ക് വേണ്ടി ശക്തമായി മത്സരിക്കും. തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് പാർട്ടി അവരോട് ആവശ്യപ്പെട്ടിരുന്നു. അവരാണ് വ്യക്തിപരമായ അസൗകര്യം അറിയിച്ചത്. അവര്‍ ഡല്‍ഹിയില്‍ പോകുന്നതിന് രണ്ട് ദിവസം മുന്‍പ് ഞാന്‍ തന്നെ അവരെ വിളിച്ച് സംസാരിച്ചതാണ്. ബി.ജെ.പിക്ക് അകത്ത് ഒരു വിധത്തിലുള്ള തര്‍ക്കങ്ങളുമില്ല’, സുരേന്ദ്രൻ പറഞ്ഞു. ശോഭാ സുരേന്ദ്രനും താനും തമ്മില്‍ നല്ല ബന്ധമാണുള്ളതെന്നും, മാധ്യമപ്രവര്‍ത്തകരുണ്ടാക്കുന്ന കഥകൾക്ക് 24 മണിക്കൂര്‍ പോലും ആയുസില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ശോഭ സുരേന്ദ്രൻ ബി.ജെ.പി സ്ഥാനാർഥിയായി കഴക്കൂട്ടത്ത് എത്തിയാൽ പോരാട്ടം കനക്കും. നിലവിൽ എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റാണ് കഴക്കൂട്ടം. 2016 ൽ 7,347 വോട്ടുകൾക്കാണ് എൽ.ഡി.എഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ കഴക്കൂട്ടത്ത് ജയിച്ചത്. ബി.ജെ.പിയുടെ വി.മുരളീധരൻ രണ്ടാം സ്ഥാനത്തെത്തി. കോൺഗ്രസ് സ്ഥാനാർഥി എം.എ.വാഹിദ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ശബരിമലയിൽ നടന്ന വിവാദങ്ങളിൽ വിഷമമുണ്ടെന്ന് കടകംപള്ളി സുരേന്ദ്രൻ നടത്തിയ ഏറ്റുപറച്ചിൽ വിശ്വാസികൾക്കൊപ്പം നിന്ന ശോഭ സുരേന്ദ്രന് മുൻ‌തൂക്കം നൽകുന്നതാണ്.

കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് പോയ കോൺഗ്രസ് ഡോ.എസ്.എസ്.ലാലിനെ കളത്തിലിറക്കിയിരിക്കുകയാണ്. അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന പൊതുജനാരോഗ്യ വിദഗ്‌ധനായ ഡോ.എസ്.എസ്. ലാലിനെ മുൻനിർത്തി മണ്ഡലത്തിൽ ശക്തമായ മത്സരം പുറത്തെടുക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker