പത്തനംതിട്ട: കുടുംബപ്രശ്‌നങ്ങളുടെ പേരില്‍ 15 വയസുള്ള മകളെ വീടിനുള്ളിലാക്കി വീടുപൂട്ടി അമ്മ കടന്നു. ഒരു മാസത്തോളമായി വീടിനുള്ളില്‍ തനിച്ച് കഴിയുകയായിരുന്ന പെണ്‍കുട്ടിയെ ഒടുവില്‍ പോലീസെത്തി രക്ഷപ്പെടുത്തിയാണ് ബാലിക ഭവനിലെത്തിച്ചത്. നാരങ്ങാനം ചെറുകുന്നത്ത് ഭാഗത്താണ് സംഭവം. ഭര്‍ത്താവ് ഉപേക്ഷിച്ചതിനാല്‍ വര്‍ഷങ്ങളായി അമ്മയും മകളും തനിച്ചായിരുന്നു താമസം.
ജൂണ്‍ 23നാണ് മകളെ വീടിനുള്ളില്‍ തനിച്ചാക്കി അമ്മ പോയത്. സ്വന്തം വീട്ടിലേക്ക് പോയതാണെന്നാണ് പറയുന്നത്. അയല്‍പക്കവുമായി ഇവര്‍ക്ക് ഒരു ബന്ധവുമില്ലായിരുന്നു. അതിനാല്‍ കുട്ടി വീട്ടില്‍ തനിച്ചായിരുന്ന വിവരം അയല്‍വാസികള്‍ പോലും അറിഞ്ഞില്ല. എസ്.എസ്.എല്‍.സി പരീക്ഷക്ക് ഒരു വിഷയമൊഴിച്ച് മുഴുവന്‍ വിഷയങ്ങള്‍ക്കും പെണ്‍കുട്ടിക്ക് എ പ്ലസ് ലഭിച്ചിരുന്നു.
വിവരം പുറത്തറിഞ്ഞതോടെ കലക്ടര്‍ ദിവ്യ എസ് അയ്യര്‍ ഇടപെട്ട് പെണ്‍കുട്ടിയെ ഇലന്തൂരിലുള്ള ബാലിക ഭവനത്തിലേക്ക് മാറ്റി. ആദ്യം പെണ്‍കുട്ടി വിസമ്മതിച്ചെങ്കിലും പിന്നീട് വഴങ്ങുകയായിരുന്നു. വിഷയത്തില്‍ മന്ത്രി വീണാ ജോര്‍ജും ഇടപെട്ടു. ജില്ല ഭരണകേന്ദ്രത്തിന്റെ എല്ലാ പരിരക്ഷയും പരിപാലനവും കുട്ടിക്കുണ്ടാകും. ആരോഗ്യം, പഠനം തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു.