പത്താം ക്ലാസുകാരനെ യുവാവ്‌ പെട്രോളിഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി

വിശാഖപട്ടണം: പത്താംക്ലാസ് വിദ്യാര്‍ഥിയെ യുവാവും സുഹൃത്തുക്കളും പെട്രോളിഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. ആന്ധ്രാ പ്രദേശിലെ ബപാട്‌ല ജില്ലയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അമര്‍നാഥ് എന്ന പതിനഞ്ചു വയസ്സുകാരന്റെ ദേഹത്ത് പെട്രോളൊഴിച്ചശേഷം അക്രമികള്‍ തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ പ്രദേശവാസികള്‍ ഉടന്‍തന്നെ ഗുണ്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആശുപത്രിയിലേക്ക് കൊണ്ടുപോകവേ, ആംബുലന്‍സില്‍വെച്ച് മൂന്ന് പേരുടെ പേരുകള്‍ അമര്‍നാഥ് വെളിപ്പെടുത്തിയിട്ടുണ്ട്. വെങ്കിടേശ്വര റെഡ്ഢി എന്നയാള്‍ സുഹൃത്തുക്കളെയും കൂട്ടിവന്ന് ആക്രമിക്കുകയായിരുന്നെന്ന് അമര്‍നാഥ് മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. മൂന്നുപേരുടെ പേരുകളാണ് വെളിപ്പെടുത്തിയത്. പ്രതികളെ പിടികൂടി വിശദമായി ചോദ്യം ചെയ്യുകയാണെന്നും പോലീസ് അറിയിച്ചു.

അമര്‍നാഥിന്റെ മൂത്ത സഹോദരിയെ വെങ്കിടേശ്വര റെഡ്ഢി എന്ന ഇരുപത്തൊന്നുകാരന്‍ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. രാവിലെ സ്‌കൂളിലേക്ക് പോകുമ്പോഴും തിരിച്ചുവരുമ്പോഴും ശല്യം ചെയ്യുക പതിവായിരുന്നു. ഇത് അമര്‍നാഥും കുടുംബവും ചോദ്യംചെയ്തിരുന്നു.

അടുത്തിടെ വെങ്കിടേശ്വരയുടെ രക്ഷിതാക്കളെ വിളിച്ചുകൂട്ടിയും ഇതുസംബന്ധിച്ച് താക്കീതു നല്‍കി. തുടര്‍ന്ന് ഇതിന്റെ പക തീര്‍ക്കാനെന്നോണം വെള്ളിയാഴ്ച രാവിലെ സൈക്കിളില്‍ ട്യൂഷന്‍ സെന്ററിലേക്ക് പോകവേ, ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് അമര്‍നാഥിനെ തടഞ്ഞുനിര്‍ത്തി പ്രതികള്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

ഒഴിഞ്ഞ പറമ്പില്‍ നിന്ന്‌ തീ കത്തുന്നതും നിലവിളിയും കേട്ട പ്രദേശവാസികളാണ് അമര്‍നാഥിനെ ആശുപത്രിയിലെത്തിച്ചത്. തീയണച്ച ശേഷം ആംബുലന്‍സ് വിളിച്ചാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ കൊലപാതകം, പോക്‌സോ കുറ്റങ്ങള്‍ ചുമത്തി പ്രതികള്‍ക്കെതിരേ പോലീസ് കേസെടുത്തു. അമര്‍നാഥിന്റെ സഹോദരിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലാത്തതു പരിഗണിച്ചാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ അമര്‍നാഥ് വെളിപ്പെടുത്തിയ മറ്റു പ്രതികളുടെ പേരുകള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News