KeralaNews

പത്തനംതിട്ടയിലും നിരോധനാജ്ഞ,പുതിയ കൊവിഡ് ബാധിതന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിയ്ക്കില്ല,കാരണമിതാണ്

പത്തനംതിട്ട: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗണ്‍ നടപടിയുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.അവശ്യ സാധനങ്ങള്‍ക്ക് അല്ലാതെ പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടര്‍ പിബി നൂഹിന്റെ ഉത്തരവില്‍ പറയുന്നു.

പത്തനംതിട്ടയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരില്‍ പുറത്തിറങ്ങി നടന്ന 16 പേര്‍ക്കെതിരെ കേസെടുക്കും. അതേസമയം ജില്ലയില്‍ പുതുതായി രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കില്ലെന്ന് കളക്ടര്‍ അറിയിച്ചു. ഇദ്ദേഹം അധികം ആള്‍ക്കാരുമായി സമ്പര്‍ക്കം നടത്തിയിട്ടില്ല. ഇപ്പോള്‍ ജില്ലയില്‍ പത്ത് കൊവിഡ് ബാധിതരാണ് ഉള്ളത്.

ഈ മാസം 20ന് പുലര്‍ച്ചെ രണ്ട് മണിക്ക് ഖത്തറില്‍ നിന്നും നാട്ടിലെത്തിയ ആള്‍ക്കാണ് ജില്ലയില്‍ പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചത്. ഖത്തര്‍ എയര്‍വൈസിന്റെ QR 506 വിമാനത്തില്‍ സി 30 സീറ്റിലാണ് ഇദ്ദേഹം യാത്ര ചെയ്തത്.

തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഇദ്ദേഹം എത്തിയത്. ഇവിടെ നിന്നും പത്തനംതിട്ടയിലേക്ക് വരുന്ന വഴി വെഞ്ഞാറമ്മൂട്ടിലെ ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചിരുന്നു. വിമാനത്തില്‍ ഇദ്ദേഹത്തോടൊപ്പം സഞ്ചരിച്ചവരില്‍ ഇയാളുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്ന ഒന്‍പത് പേരെ ജില്ലാ ഭരണകൂടം കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ജില്ലയ്ക്ക് പുറത്ത് നിന്ന് എട്ട് പേരും ഉള്‍പ്പെട്ടിട്ടുണ്ട്.

ജില്ലയില്‍ ഇതുവരെ 15 പേര്‍ ആശുപത്രി ഐസൊലേഷനിലും 4565 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.2408 പേര്‍ ഗള്‍ഫ് മേഖലയില്‍ നിന്നും ജില്ലയില്‍ എത്തിയവരാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button