CrimeNationalNews

ഫ്രീ ഫയർ നിരോധിച്ചു, ഓൺലൈൻ ഗെയിമിന് അടിമയായ 14 കാരൻ ആത്മഹത്യ ചെയ്തു

മുംബൈ:ഓണ്‍ലൈന്‍ ഗെയിമിന് അടിമയായ 14 വയസുകാരന്‍ ആത്മഹത്യ ചെയ്തതായി പൊലീസ്. ഗെയിമിലെ ഏതെങ്കിലും ജോലിയോ, വെല്ലുവിളിയോ ആണോ കുട്ടിയെ ഇതിലേക്ക് നയിച്ചതെന്ന് കണ്ടെത്താന്‍ ഭൊയ്‌ വാഡ പൊലീസ് അന്വേഷണം ആരംഭിച്ചു.സെന്‍ട്രല്‍ മുംബൈയിലെ ഹിന്ദ്മാത ഏരിയയിലാണ് കുട്ടി താമസിക്കുന്നത്.

പുറത്ത് പോയ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്ന മകനെ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടിയില്ല. ഉടന്‍ തിരിച്ച്‌ വീട്ടിലെത്തിയപ്പോള്‍ മുറി അകത്ത് നിന്ന് പൂട്ടിയ നിലയില്‍ കണ്ടെത്തി. അതോടെ പിതാവ് വാതിലിനു മുകളിലെ ഗ്ലാസ് ഫ്രെയിം തകര്‍ത്ത് കയറി പരിശോധിച്ചപ്പോഴാണ് കുട്ടി ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. പൊലീസില്‍ വിവരമറിയിക്കുകയും മൃതദേഹം പോസ്റ്റ്മോര്‍ടത്തിനായി കെഇഎം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

‘കുട്ടി ഫ്രീ ഫയര്‍ ഓണ്‍ലൈന്‍ ഗെയിമിന് അടിമയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു, എന്നാല്‍ ആത്മഹത്യയിലേക്ക് അവനെ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ല’- ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ വിജയ് പാടീല്‍ അറിയിച്ചു.

കുട്ടി ഗെയിമിംഗ് അഡിക്ഷന്റെ ഒരു ലക്ഷണവും കാണിച്ചിട്ടില്ലെന്നും അവന്‍ മിടുക്കനായ വിദ്യാര്‍ഥിയാണെന്നും ക്രികറ്റിനോട് താല്‍പര്യമുണ്ടെന്നും മാതാപിതാക്കളും സ്‌കൂള്‍ അധ്യാപകരും വ്യക്തമാക്കി.

അവന്റെ സുഹൃത്തുക്കള്‍ ആരാണെന്നും ഗെയിമിലെ സഹകളിക്കാര്‍ ആരാണെന്നും കണ്ടെത്താന്‍ പൊലീസ് ശ്രമിക്കുകയാണ്.
മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് ലബോറടറിയിലേക്ക് അയച്ച്‌ എല്ലാ വിവരങ്ങളും വീണ്ടെടുക്കാന്‍ പൊലീസ് തീരുമാനിച്ചു. ഫോണ്‍കോള്‍ വിശദാംശങ്ങളും ഇന്റര്‍നെറ്റ് ബ്രൗസിംഗ് ചരിത്രവും പരിശോധിച്ചുവരികയാണ്. ഓണ്‍ലൈന്‍ ഗെയിമും ക്രികറ്റുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ സൈറ്റുകളുമാണ് ഇയാള്‍ കൂടുതലായും ഇന്റര്‍നെറ്റില്‍ സര്‍ഫ് ചെയ്തതെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മൊബൈല്‍ ഗെയിമിന്റെ സെര്‍വര്‍ സിംഗപൂരില്‍ സ്ഥിതി ചെയ്യുന്നതിനാല്‍, കുട്ടിയുടെ ഗെയിമിംഗ് പ്രവര്‍ത്തനത്തിന്റെ വിശദാംശങ്ങള്‍ പെട്ടെന്ന് ലഭിക്കില്ലെന്ന് ഡിസിപി പാടീല്‍ പറഞ്ഞു.

‘കുട്ടി എഴുതിയ കുറിപ്പൊന്നും കണ്ടെത്തിയില്ല. സുഹൃത്തുക്കളുമായുള്ള മൊബൈല്‍ സംഭാഷണങ്ങളില്‍ നിന്ന് പ്രധാനപ്പെട്ട ഒന്നും കണ്ടെത്താനായില്ല. അധ്യാപകര്‍ പറയുന്നത് അവന്‍ മിടുക്കനായിരുന്നു എന്നാണ്. മാതാപിതാക്കളും സംശയാസ്പദമായ യാതൊന്നും പരാതിപ്പെട്ടില്ല,’ ഭൊയ്‌ വാഡ പൊലീസിലെ സീനിയര്‍ ഇന്‍സ്പെക്ടര്‍ ജിതേന്ദ്ര പവാര്‍ പറഞ്ഞു.

സര്‍കാര്‍ നിരോധിച്ച 54 ആപുകളുടെ പട്ടികയില്‍ ഗരേന ഫ്രീ ഫയര്‍ എന്ന ഗെയിമും ഉണ്ട്. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആരോപിച്ചാണ് ഈ മൊബൈല്‍ ആപ്ലികേഷനുകള്‍ നിരോധിക്കാന്‍ സര്‍കാര്‍ തീരുമാനിച്ചത്. അതെ സമയം കുട്ടികളുടെ ജീവന്‍ എടുക്കുന്ന ഗെയിം ആണിതെന്ന് വ്യാപകമായ ആക്ഷേപങ്ങളും ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button