കൊറോണ: സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 136 പേര്‍; ജാഗ്രത തുടരും
തിരുവനന്തപുരം: കേരളം ഏകദേശം കോറോണ രോഗമുക്തമാണെങ്കിലും മറ്റുരാജ്യങ്ങളില്‍ രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വിമാനത്താവളത്തിലും നിരീക്ഷണം ശക്തമാണ്. മലേഷ്യയില്‍ നിന്നു നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വന്ന ഒരാള്‍ക്ക് ചില ലക്ഷണങ്ങളുള്ളതിനാല്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി എന്‍ഐവിയില്‍ അയച്ചിരുന്നു. പരിശോധനാഫലം നെഗറ്റീവാണ്. മറ്റ് കൊറോണ ബാധിത രാജ്യങ്ങളില്‍നിന്നും വന്നവരില്‍ ബഹുഭൂരിപക്ഷവും നേരത്തെ സ്വമേധയാ നിരീക്ഷണത്തിനായി വന്നിരുന്നു.
3,500 ഓളം പേരെയാണ് ഇതുവരെ നിരീക്ഷിച്ചത്. ആ ഒരു സാഹചര്യത്തിലാണ് കൊറോണ വൈറസിനെ നമുക്ക് ഫലപ്രദമായി നേരിടാനായത്. അതിനാല്‍, ഇനിയും കൊറോണ ബാധിത പ്രദേശങ്ങളില്‍നിന്നു വരുന്നവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
47 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 136 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 128 പേര്‍ വീടുകളിലും 8 പേര്‍ ആശുപത്രികളിലുമാണുള്ളത്. വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുന്ന 34 വ്യക്തികളെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഇന്ന് ഒഴിവാക്കിയിട്ടുണ്ട്. സംശയാസ്പദമായവരുടെ 471 സാമ്പിളുകള്‍ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 463 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
അതേസമയം കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പയ്യന്നൂര്‍ സ്വദേശി ജെയനേഷ് (36) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ ആദ്യ സാംപിളില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് 19(കൊറോണ വൈറസ്) ബാധയില്ലെന്നാണ് സ്ഥിരീകരിച്ചിരുന്നു.
മലേഷ്യയില്‍നിന്ന് കഴിഞ്ഞ ദിവസമെത്തിയ ജെയ്‌നേഷിന് വൈറല്‍ പനി ബാധയുണ്ടായതോടെ കൊച്ചിയില്‍ വിമാനമിറങ്ങിയശേഷം പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. തുടര്‍ന്നാണ് അവിടെനിന്നു മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചത്. ന്യൂമോണിയ ബാധിച്ചതിനെത്തുടര്‍ന്നാണ് വെന്റിലേറ്ററിലാക്കിയത്. അഞ്ചു
ദിവസമായി പനിയും ശ്വാസ തടസവും അനുഭവപ്പെടുന്നുണ്ടായിരുന്നു. ജെയ്‌നേഷ് രണ്ടര വര്‍ഷമായി മലേഷ്യയില്‍ ജോലി ചെയ്യുകയായിരുന്നു.