വയനാട്: സ്‌കൂളില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 13 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട് അച്ചൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികള്‍ക്കാണ് ശ്വാസതടസവും ചൊറിച്ചിലും അനുഭവപ്പെട്ടത്. കുട്ടികളെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും സ്ഥിതി ഗുരുതരമല്ല. കഴിഞ്ഞ രണ്ടു ദിവസങ്ങളിലാണ് കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ബുധനാഴ്ച ആറ് കുട്ടികളെയും വെള്ളിയാഴ്ച ഏഴ് കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്ന് ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി പരിശോധന നടത്തി. സമീപത്തെ ഹാരിസണ്‍ മലയാളത്തിന്റെ തേയില തോട്ടത്തില്‍ കീടനാശിനി അടിച്ചതാണ് കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാകാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ കണ്ടെത്തല്‍. എന്നാല്‍ ഇക്കാര്യം വാസ്ഥവവിരുദ്ധമാണെന്നും തോട്ടത്തില്‍ കീടനാശിനി അടിച്ചിട്ടില്ലെന്നുമാണ് ഹാരിസണ്‍ കമ്പനിയുടെ വിശദീകരണം.