ചെന്നൈ: രാജ്യത്തെ ഞെട്ടിച്ച ഊട്ടി കൂനൂരിലെ (Ootty Coonoor) ഹെലികോപ്റ്റർ ദുരന്തത്തിൽ (Army Airport Crash) മരണം 13 ആയി. 14 പേരാണ് ആകെ ഹെലികോപ്റ്ററിലുണ്ടായിരുന്നത് എന്നാണ് വ്യോമസേന (Air Force) തന്നെ സ്ഥിരീകരിക്കുന്നത്. രാജ്യത്തിന്‍റെ സംയുക്തസൈനിക മേധാവി (Chief Of Defence Staff) ജനറൽ ബിപിൻ റാവത്തിന്‍റെ (General Bipin Rawat) നില അതീവഗുരുതരമാണെന്നാണ് റിപ്പോർട്ടുകളെങ്കിലും, അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെക്കുറിച്ച് വ്യോമസേനയോ (Airforce) പ്രതിരോധമന്ത്രാലയമോ (Defence Ministry) വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ഈ ദുരന്തത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങൾ കാത്തിരിക്കുകയാണ് രാജ്യം. അദ്ദേഹത്തെ വെല്ലിംഗ്ടണിലെ (Wellington) സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിവരം. അദ്ദേഹത്തിന്‍റെ ഭാര്യ മധുലിക റാവത്തും (Madhulika Rawat) ഹെലികോപ്റ്ററിലുണ്ടായിരുന്നു.
കൂനൂരിൽ നിന്ന് അഞ്ച് കിലോമീറ്റർ ദൂരെയുള്ള കട്ടേരി പാർക്കിലാണ് അപകടം നടന്നത്. ലാൻഡിംഗിന് തൊട്ടുമുമ്പാണ് ദുരന്തമുണ്ടായിരിക്കുന്നത്. ഹെലികോപ്റ്ററിൽ ആകെ 14 പേരുണ്ടായിരുന്നതിൽ 13 പേരും കൊല്ലപ്പെട്ടതായാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം. മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലാണ്. മരിച്ചവരുടെ വിവരങ്ങളും മൃതദേഹങ്ങളും തിരിച്ചറിയാനായി ഡിഎൻഎ പരിശോധന നടത്തുമെന്നും വാർത്താ ഏജൻസിയായ എഎൻഐ വ്യക്തമാക്കുന്നു.
അൽപസമയം മുമ്പ് സംഭവത്തെക്കുറിച്ച് ചർച്ച ചെയ്യാനും വിലയിരുത്താനും അടിയന്തരകേന്ദ്രമന്ത്രിസഭാ യോഗം ചേർന്നിരുന്നു. സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. പ്രതിരോധമന്ത്രി പ്രധാനമന്ത്രിയെ വിവരങ്ങൾ ധരിപ്പിക്കുന്നുണ്ട്. ഉന്നതസൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇപ്പോൾ ഒരു ഉന്നതതലയോഗം ദില്ലിയിൽ നടക്കുകയാണ്.
14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇതിൽ 9 പേരുടെ വിവരങ്ങൾ വ്യോമസേന പുറത്തുവിട്ടിട്ടുണ്ട്:
1. ജന. ബിപിൻ റാവത്ത്
2. ശ്രീമതി മധുലിക റാവത്ത്
3. ബ്രിഗേഡിയർ LS ലിഡ്ഡർ
4. ലഫ്. കേണൽ ഹർജിന്ദർ സിംഗ്
5. എൻ കെ ഗുർസേവക് സിംഗ്
6. എൻ കെ ജിതേന്ദ്രകുമാർ
7. ലാൻസ് നായ്ക് വിവേക് കുമാർ
8. ലാൻസ് നായ്ക് ബി സായ് തേജ
9.ഹവിൽദാർ സത്പാൽ
ഉച്ചയ്ക്ക് 12.10-ഓടെയാണ് ഹെലികോപ്റ്റർ സൂളൂരിലെ എയർ സ്റ്റേഷനിൽ നിന്ന് പറന്നുയർന്നത്. വെല്ലിംഗ്ടണിലെ സൈനികകോളേജിൽ ഏറ്റവും പുതിയ കേഡറ്റുകളെ കണ്ട് അഭിസംബോധന ചെയ്യാനാണ് അദ്ദേഹം പുറപ്പെട്ടത്. 2.45-നായിരുന്നു ഈ പരിപാടി. സൂളൂരിലെ എയർ സ്റ്റേഷനിൽ നിന്ന് വെല്ലിംഗ്ടണിലേക്ക് വലിയ ദൂരമില്ല. എന്നാൽ വെല്ലിംഗ്ടണിൽ കനത്ത മൂടൽമഞ്ഞുണ്ടായിരുന്നു.
ഇവിടെ ഇറങ്ങാനാകില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഹെലികോപ്റ്റർ തിരികെപ്പറന്നു. ഹെലിപാഡിന് പത്ത് കിലോമീറ്റർ ദൂരത്ത് വച്ച് ഹെലികോപ്റ്റർ ആകാശത്ത് വച്ച് തന്നെ തീപിടിച്ച് താഴേയ്ക്ക് പതിച്ചുവെന്നാണ് വിവരം. മൂക്കുകുത്തിയാണ് ഹെലികോപ്റ്റർ ഭൂമിയിലേക്ക് പതിച്ചത്.