തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം നിയന്ത്രിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ലംഘിച്ചതിന് സര്‍ക്കാര്‍ ജനങ്ങളില്‍നിന്നു പിഴയായി ഈടാക്കിയത് 125 കോടിയിലേറെ രൂപ. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കുരുങ്ങി വരുമാനമില്ലാതെ ജനങ്ങള്‍ പൊറുതിമുട്ടിയ മൂന്നുമാസക്കാലത്താണ് പോലീസ് ഈ തുക ‘പെറ്റി’ ഇനത്തില്‍ പിരിച്ചെടുത്തതെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
രണ്ടാം തരംഗം നിയന്ത്രിക്കുന്നതിനുള്ള ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ മെയ് എട്ടു മുതല്‍ ഓഗസ്റ്റ് നാലിന് ഇളവുകള്‍ പ്രഖ്യാപിച്ചതു വരെയുള്ള കണക്കാണിത്. ഇക്കാലയളവിനിടെ 17.75 ലക്ഷം കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 10.7 ലക്ഷം കേസുകള്‍ മാസ്‌ക് ധരിക്കാത്തതിനു മാത്രമാണ്. 4.7 കേസുകളാണ് സാമൂഹ്യ അകലം പാലിക്കാത്തതിനും മറ്റുമായി എടുത്തത്. 2.3 ലക്ഷം വാഹനങ്ങള്‍ ലോക്ക്ഡൗണ്‍ ലംഘനത്തിന്റെ പേരില്‍ പിടിച്ചെടുത്തു.
അഞ്ഞൂറു രൂപ മുതല്‍ അയ്യായിരം വരെയാണ്, പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം വിവിധ ലംഘനങ്ങള്‍ക്കു പിഴ. പിഴയിനത്തില്‍ ആകെ എത്ര ഈടാക്കിയെന്നു പൊലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 125 കോടി മുതല്‍ 150 കോടി വരെയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. മാസ്‌ക് ധരിക്കാത്തതിന് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം അഞ്ഞൂറു രൂപയാണ് പിഴ. 10.7 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ ഇതില്‍നിന്ന് 53.6 കോടി രൂപ പിഴയിനത്തില്‍ ലഭിച്ചെന്നാണ് കണക്കാക്കുന്നത്.
ലോക്ക്ഡൗണ്‍ ലംഘിച്ച് വാഹനം നിരത്തിലിറക്കിയതിന് രണ്ടായിരം രൂപ വച്ച് 46 കോടി പിഴ ഈടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ക്വാറന്റൈന്‍ ലംഘനത്തിനും രണ്ടായിരം രൂപയാണ് പിഴ. ഇത്തത്തില്‍ 5920 കേസാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സാമൂഹ്യ അകലം പാലിക്കാത്തതിനും കൂട്ടംകൂടിയതിനും അഞ്ഞൂറു മുതല്‍ അയ്യായിരം വരെയാണ് പിഴ.