KeralaNews

12 വസുകാരനെ തെരുവുനായ്ക്കൾ ഓടിച്ചിട്ട് കടിച്ചു, ഗുരുതര പരിക്ക്

തിരുവനന്തപുരം: വർക്കലയിൽ മദ്രസയിൽ നിന്നും രാവിലെ പഠനം കഴിഞ്ഞ്  വീട്ടിലേക്ക് മടങ്ങവേ  12 വയസ്സുകാരനെ തെരുവ് നായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിച്ചു. നടയറ ചരുവിള വീട്ടിൽ നജീബ്  സജ്ന ദമ്പതികളുടെ മകൻ ആസിഫിനെ (12)യാണ് കഴിഞ്ഞ ദിവസം തെരുവ് നായ്ക്കൾ ആക്രമിച്ചത്. രാവിലെ ഏഴര മണിയോടെ  നടയറ നൂറുൽ ഇസ്ലാം മദ്രസയിൽ നിന്ന് മടങ്ങി നടയറ തയ്ക്കാവിന് പിന്നിലെ വഴിയിലൂടെ പോകുമ്പോഴായിരുന്നു പത്തോളം വരുന്ന തെരുവ് നായ്ക്കൾ കുട്ടിയെ കൂട്ടമായി ആക്രമിച്ചത്. 

ശരീരമാസകലം മുറിവേറ്റ കുട്ടി കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവസമയം അതുവഴി കടന്നുവന്ന ബൈക്ക് യാത്രികനായ തെക്കതിൽ ഇർഷാദിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് ആസിഫിന് ജീവൻ തിരിച്ചുകിട്ടിയത്. നടയറയിലും പരിസരപ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായ അവസ്ഥയിലാണെന്ന് നാട്ടുകാർ ആരോപിച്ചു. വിദ്യാലയങ്ങളിലും മദ് റസകളിലും പഠനത്തിനായി എത്തുന്ന കുട്ടികളുടെ ജീവൻ  തെരുവ് നായ്ക്കളുടെ ആക്രമണ ഭീഷണിയിലാണ്.

മറ്റ് പ്രദേശങ്ങളിൽ നിന്നും തോടുകളിലും ആളൊഴിഞ്ഞ പറമ്പുകളിലും പുറന്തള്ളുന്ന അവശിഷ്ടങ്ങൾ തിന്നു കഴിയുന്ന തെരുവ് നായ്ക്കൾ പരിസരങ്ങളിലെ വിദ്യാലയങ്ങളിലും തകർന്ന കെട്ടിടങ്ങളിലും ഇപ്പോൾ സ്ഥിരതാമസമാണ്. തൊടുവേ ശിവഗിരി റോഡിൽ നിത്യേന  നിക്ഷേപിക്കുന്ന മാലിന്യങ്ങൾ നടയറയിലെയും പരിസരപ്രദേശങ്ങളിലെയും തെരുവുനായ്ക്കളുടെ എണ്ണം രൂക്ഷമാക്കുന്നതിന് ഒരു പ്രധാന കാരണമാണ്. പകൽ സമയങ്ങളിൽ മുതിർന്നവർക്ക് പോലും  കാൽനടയായി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.

തെരുവ് നായ്ക്കളുടെ ശല്യം ഇല്ലാതാക്കി കുട്ടികളുടെ സ്വതന്ത്രമായ പഠനത്തിനും മുതിർന്നവരുടെ സഞ്ചാരത്തിനും അനുയോജ്യമായ നടപടി പരിസരങ്ങളിലെ തദ്ദേശസ്വരണ സ്ഥാപനങ്ങളും ബന്ധപ്പെട്ട അധികാരികളും സമയോചിതമായി സ്വീകരിക്കേണ്ടതാണ്. അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികളുമായി  മുന്നോട്ടുപോകാനാണ് തദ്ദേശീയരായ നാട്ടുകാരുടെ തീരുമാനമെന്ന് നടയറ റസിഡൻസ് അസോസിയേഷൻ പ്രസിഡന്‍റ് ടിഎം സിനി മോൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker