കണ്ണൂര്‍: കൊറോണാ വൈറസ് ലോകമെമ്പാടും ഭീതിപടര്‍ത്തുമ്പോള്‍ കേരളത്തിലും ജാഗ്രത നിര്‍ദ്ദേശം. ചൈനയില്‍ നിന്നു കണ്ണൂരില്‍ മടങ്ങിയെത്തിയ 12 പേരെ ആരോഗ്യവകുപ്പ് നിരീക്ഷിക്കും. പേരാവൂര്‍ സ്വദേശികളായ കുടുംബത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെ 12 പേരെയാണ് നിരീക്ഷിക്കുന്നത്. ഇവരെ 28 ദിവസത്തേക്കായിരിക്കും നിരീക്ഷിക്കുക.
അതേസമയം ചൈനയില്‍ കൊറോണാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി. യുഎസിലും തായ്വാനിലും കൂടുതല്‍ പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. കൊറോണയുടെ പ്രഭവ കേന്ദ്രങ്ങളില്‍ ഒന്നായ ഹൂബെയില്‍ 24 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,744 ആയി.
അതിവേഗം പടരുന്ന കൊറോണ വൈറസിനെ തുടര്‍ന്ന് ചൈനയിലെ പ്രധാന നഗരങ്ങള്‍ അടച്ചിരിക്കുകയാണ്. ഷാന്‍ഡോങ്, ബെയ്ജിങ്ങ്, ഷാങ്ഹായ്, ഷിയാന്‍, ടിയാന്‍ജിന്‍ തുടങ്ങി സ്ഥലങ്ങളില്‍ കടുത്ത യാത്രാനിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തെക്കന്‍ പ്രവിശ്യകളായ ഗുവാങ്‌ഡോംഗ്, ജിയാങ്‌സി തുടങ്ങി മറ്റു മൂന്ന് നഗരങ്ങളില്‍ ജനങ്ങള്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കണമെന്ന് അധികൃതര്‍ കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹുബെയുടെ തലസ്ഥാനമായ വുഹാനില്‍ നിന്നാണ് ഈ വൈറസ് ചൈനയിലും ലോകമെമ്ബാടും പടര്‍ന്നുപിടിച്ചത്.