ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകൾ കൂടി ഇന്ന് മദ്ധ്യപ്രദേശിലെത്തി. നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ എത്തിച്ച് മാസങ്ങൾക്ക് ശേഷമാണ് 12 ചീറ്റകളെ കൊണ്ടുവരുന്നത്. ചീറ്റകളെ വഹിച്ചുകൊണ്ടുള്ള വിമാനം പത്ത് മണിക്ക് ഗ്വാളിയോർ വ്യോമ താവളത്തിൽ ഇറങ്ങി. അവയെ ഇപ്പോൾ ഹോലികോപ്റ്ററിൽ കുനോ ദേശീയോദ്യാനത്തിലേയ്ക്ക് മാറ്റുകയാണ്.
ഏഴ് ആൺ ചീറ്റകളും അഞ്ച് പെൺ ചീറ്റകളുമാണുള്ളത്. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ചേർന്ന് ചീറ്റകളെ ദേശീയോദ്യാനത്തിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് തുറന്നു വിടും. പത്ത് ക്വാറന്റൈൻ കൂടുകളാണ് ചീറ്റകൾക്കായി ഒരുക്കിയിട്ടുള്ളത്. ഇന്ത്യൻ വന്യമൃഗ നിയമമനുസരിച്ച് മറ്റിടങ്ങളിൽ നിന്ന് രാജ്യത്തേക്ക് വരുന്ന മൃഗങ്ങൾക്ക് 30 ദിവസത്തെ ഐസോലേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. അതിനായാണ് ക്വാറന്റൈൻ കൂടുകൾ ഒരുക്കിയിട്ടുള്ളത്.
കഴിഞ്ഞ വർഷം നമീബിയയിൽ നിന്ന് വന്ന എട്ട് ചീറ്റകളെ കുനോ നാഷണൽ പാർക്കിൽ തുറന്നുവിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. ഈ ചീറ്റകളെ കാട്ടിലേക്ക് തുറന്നുവിടുന്നതിന് മുമ്പ് അവയെ ആറ് ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള വേട്ടയാടൽ കേന്ദ്രത്തിലാക്കിയിരിക്കുകയാണ്. 1947 ലായിരുന്നു ഇന്ത്യയിലെ അവസാന ചീറ്റ മരിച്ചത്. 1952ൽ അവ രാജ്യത്ത് വംശനാശം സംഭവിച്ചവയായി പ്രഖ്യാപിച്ചു. ചീറ്റയെ രാജ്യത്ത് വീണ്ടും കൊണ്ടുവരാൻ 2020ലാണ് കേന്ദ്ര സർക്കാർ തീരുമാനമെടുക്കുന്നത്. സുപ്രീംകോടതിയുടെ കൂടെ അനുമതിയോടെയാണ് ചീറ്റകളെ എത്തിച്ചിരിക്കുന്നത്. ചീറ്റകൾക്ക് കാര്യമായ ശ്രദ്ധ നൽകണമെന്ന് കോടതി നിർദേശിച്ചിരുന്നു.