വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ തിക്കും തിരക്കും; 12 പേര്‍ മരിച്ചു, 13 പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് 12 പേര്‍ മരിച്ചു. പതിമൂന്നോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ നരെയ്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.

കത്രയില്‍ ശനിയാഴ്ച പുലര്‍ച്ചെ 2.45ഓടെയാണ് അപകടം ഉണ്ടായത്. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആളുകള്‍ തമ്മില്‍ തര്‍ക്കം പൊട്ടിപ്പുറപ്പെടുകയും ഇത് തിക്കും തിരക്കും ഉണ്ടാകുകയുമായിരുന്നെന്ന് ജമ്മു കാഷ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും ജമ്മു കാഷ്മീരില്‍ നിന്നുള്ള ഒരാളുമാണ് മരിച്ചതെന്ന് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഗോപാല്‍ ദത്ത് അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിക്കുകയും പരിക്കേറ്റവര്‍ക്ക് സാധ്യമായ എല്ലാ വൈദ്യസഹായവും സഹായവും നല്‍കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തതായി കേന്ദ്ര സഹമന്ത്രി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.

കത്ര പട്ടണത്തിന് സമീപമുള്ള പര്‍വതത്തിലാണ് ലോകപ്രശസ്തമായ വൈഷ്ണോദേവി ക്ഷേത്രം. മഞ്ഞുമലകളില്‍ കുത്തനെ കിടക്കുന്ന ക്ഷേത്രത്തില്‍ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി 24 മണിക്കൂറും ദേവിയെ ദര്‍ശിക്കാന്‍ അവസരമുണ്ട്.

മലകയറുന്ന ഓരോ ഭക്തനും ‘ജയ് മാതാ ദീ’ എന്ന മന്ത്രം ഉരുവിട്ടുകൊണ്ടാണ് വൈഷ്ണോദേവിയെ ഒരുനോക്കുകാണാന്‍ പോകുന്നത്. പുതുവല്‍സര ദിനത്തോടനുബന്ധിച്ച് വന്‍ തിരക്കാണ് ഇവിടെ അനുഭവപ്പെട്ടിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News