HealthKeralaNews

കൊവിഡ് പോരാട്ടത്തില്‍ പുതുചരിത്രമെഴുതി കേരളം; രോഗം ഭേദമായി 110കാരി ആശുപത്രി വിട്ടു!

മഞ്ചേരി: കൊവിഡിനെതിരായ പോരാട്ടത്തില്‍ പുതുചരിത്രമെഴുതി കേരളം. കൊവിഡ് ബാധിച്ച് മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സയിലായിരുന്ന 110 വയസുകാരി രോഗമുക്തയായി ആശുപത്രി വിട്ടു. രണ്ടത്താണി വാരിയത്ത് പാത്തുവാണ് കൊവിഡിനെ അതിജീവിച്ച് വീട്ടിലേക്ക് മടങ്ങിയത്. സംസ്ഥാനത്ത് കൊവിഡില്‍ നിന്ന് മുക്തി നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് പാത്തു.

പ്രായത്തിന്റെ പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് കൊവിഡിന്റെ പിടിയില്‍ നിന്നും 110 വയസുകാരിയെ രക്ഷിച്ചത് അഭിമാനകരമായ കാര്യമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളേജിലെ എല്ലാവരെയും അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

ഓഗസ്റ്റ് 18നാണ് പാത്തുവിന് രോഗം സ്ഥിരീകരിച്ചത്. മകളില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെയാണ് പാത്തു രോഗബാധിതയായത്. നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത്. പരിഭ്രമങ്ങളില്ലാതെ ശാന്തമായാണ് ഇവര്‍ ചികിത്സയോട് പ്രതികരിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

രോഗമുക്തി നേടി പൂര്‍ണ ആരോഗ്യവതിയായി തിരിച്ചുവന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് പാത്തുവിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. മികച്ച പരിചരണം നല്‍കിയ ആശുപത്രി ജീവനക്കാര്‍ക്കും സര്‍ക്കാരിനും ആരോഗ്യവകുപ്പിനും അവര്‍ നന്ദി രേഖപ്പെടുത്തി. ഇനി 14 ദിവസം കൂടി പാത്തു വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും.

കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നിന്നും 105 വയസുകാരി അഞ്ചല്‍ സ്വദേശിനി അസ്മ ബീവി, എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്നും 103 വയസുകാരന്‍ ആലുവ മാറമ്പള്ളി സ്വദേശി പരീദ് എന്നിവര്‍ അടുത്തിടെ കൊവിഡ് മുക്തി നേടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker