ആലപ്പുഴ: ആലപ്പുഴയില്‍ ബി.ജെ.പി നേതാവ് രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 പേര്‍ കസ്റ്റഡിയില്‍. ആക്രമികള്‍ എത്തിയത് ആംബുലന്‍സിലാണെന്ന നിഗമനത്തിലാണ് പോലീസ്. എസ്ഡിപിഐയുടെ നിയന്ത്രണത്തിലുള്ള ആംബുലന്‍സ് പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനം പരിശോധിച്ചു വരികയാണ്.
അതേസമയം, കൊലപാതക കേസിലെ പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ശക്തമാക്കി. നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും എല്ലാ വാഹനങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റവാളികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടികൂടാന്‍ പോലീസിന്റെ കര്‍ശന നടപടിയുണ്ടാകും. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍ എല്ലാ ജനങ്ങളും തയാറാകുമെന്നുറപ്പുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ആലപ്പുഴ മണ്ണഞ്ചേരിയില്‍ ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം. ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. അഞ്ചംഗ സംഘമാണ് അക്രമത്തിനു പിന്നില്‍.
ഇതിന്റെ പ്രതികാരം എന്ന നിലയില്‍ ആയിരിക്കാം ആലപ്പുഴ നഗരഭാഗമായ വെള്ളകിണറില്‍ രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്. നേരത്തെ ഒബിസി മോര്‍ച്ച ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്നു രഞ്ജിത്ത് ശ്രീനിവാസന്‍. ഇദ്ദേഹത്തിന് നാല്‍പ്പത് വയസായിരുന്നു. ഇദ്ദേഹം ആലപ്പുഴ കോടതിയില്‍ അഭിഭാഷകനാണ്.