തൊടുപുഴ: പൊന്നുപോലെ വളർത്തിയ 13 കന്നുകാലികൾ കൺമുന്നിൽ ചത്തുവീണതിന്റെ സങ്കടക്കടലിലാണ് ഈ കുട്ടിക്കർഷകൻ. വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യു ബെന്നി (15) എന്ന പത്താംക്ലാസുകാരൻ വളർത്തിയ പശുവും കിടാവും മൂരിയും ഉൾപ്പെടെ 13 കന്നുകാലികളാണു ഭക്ഷ്യവിഷബാധ മൂലം ചത്തത്. അമ്മ ഷൈനിയും ചേട്ടൻ ജോർജും അനുജത്തി റോസ്മേരിയും ഉൾപ്പെട്ട കുടുംബത്തിന്റെ ഏക ഉപജീവനമാർഗവുമായിരുന്നു ഈ കന്നുകാലികൾ.
അത്യാഹിതം കണ്ടു തളർന്നു വീണ മാത്യുവിനെയും ഷൈനിയെയും റോസ്മേരിയെയും ഞായറാഴ്ച രാത്രി മൂലമറ്റത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. ഇന്നലെ ഇവർ വീട്ടിലേക്കു മടങ്ങി. മൂന്നു വർഷം മുൻപു പിതാവ് ബെന്നിയുടെ മരണശേഷമാണ് മാത്യു കന്നുകാലികളുടെ പരിപാലനം ഏറ്റെടുത്തത്. തീറ്റയായി നൽകിയ കപ്പത്തൊണ്ടിലെ സയനൈഡ് വിഷമാണു കന്നുകാലികളുടെ മരണകാരണമെന്നു ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ജെസി സി.കാപ്പന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിൽ സ്ഥിരീകരിച്ചു.
ഞായറാഴ്ച രാത്രി എട്ടരയോടെയാണ് കന്നുകാലികൾക്കു കപ്പത്തൊണ്ട് (കപ്പയുടെ തൊലി) തീറ്റയായി നൽകിയത്. അരമണിക്കൂറിനുള്ളിൽ അവ തൊഴുത്തിൽ തളർന്നു വീണു. പരവേശം കാണിച്ച കന്നുകാലികളെ തൊഴുത്തിൽനിന്ന് അഴിച്ചുവിട്ടു. ഇറങ്ങിയോടിയവ സമീപത്തെ റബർ മരങ്ങളുടെ ചുവട്ടിലും തോട്ടിലും ബാക്കിയുള്ളവ തൊഴുത്തിലുമായി ചത്തുവീണു. 2 പശുക്കൾ ഗുരുതരാവസ്ഥയിലാണ്.
6 വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിലാണ് 13 കന്നുകാലികളുടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത്. മണ്ണുമാന്ത്രി യന്ത്രംകൊണ്ടെടുത്ത 2 കുഴികളിലായി ഇവയെ മറവു ചെയ്തു. വീടിനു സമീപത്തു കപ്പ ഉണക്കുന്ന കേന്ദ്രത്തിൽനിന്നെത്തിക്കുന്ന കപ്പത്തൊണ്ടാണ് ഉണക്കി കന്നുകാലികൾക്കു പതിവായി നൽകിയിരുന്നതെന്നും ഇതുവരെ പ്രശ്നമായിട്ടില്ലെന്നും ഷൈനി പറഞ്ഞു.
2020 ഒക്ടോബറിലാണ് ബെന്നി മരിച്ചത്. തുടർന്നു കന്നുകാലികളെ ഏറ്റെടുത്ത മത്യുവിന് കൃഷിമന്ത്രി ജെ.ചിഞ്ചുറാണി ഇടപെട്ടതിനെത്തുടർന്നു തൊഴുത്തു പണിയാൻ മിൽമ 1.5 ലക്ഷം രൂപ നൽകിയിരുന്നു. ചിഞ്ചുറാണിയും മന്ത്രി റോഷി അഗസ്റ്റിനും ഇന്നു മാത്യുവിന്റെ വീട് സന്ദർശിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഫോണിൽ വിളിച്ച് സഹായവാഗ്ദാനം നൽകി.
പുലർച്ചെ 4ന് ഉണരുന്ന മാത്യു ആദ്യം തൊഴുത്തു കഴുകി വൃത്തിയാക്കും. പശുക്കളെ കുളിപ്പിച്ചു കറവ കഴിഞ്ഞു തൊഴുത്തിൽനിന്ന് ഇറങ്ങുമ്പോൾ 7 മണിയാകും. പിന്നീട് പഠനം. പശുക്കളുടെ രോഗം കണ്ടുപിടിക്കാനും മാത്യുവിന് പ്രത്യേക കഴിവാണ്. അറക്കുളം സെന്റ് മേരീസ് എച്ച്എസ്എസിൽ പഠിക്കുന്ന മാത്യുവിന്റെ സ്വപ്നം വെറ്ററിനറി ഡോക്ടറാകണമെന്നാണ്.
കന്നുകാലികളെ ബാധിക്കുന്ന സസ്യജന്യ വിഷബാധയിൽ പ്രധാനമാണ് സയനൈഡ് വിഷബാധ. സയനൈഡ് സാന്നിധ്യമുള്ള സസ്യങ്ങളിൽ സർവസാധാരണം കപ്പയാണ് (മരച്ചീനി). ഇതിന്റെ ഇല, തണ്ട്, കായ, കിഴങ്ങ് എന്നിവയിലെല്ലാം സയനൈഡിന്റെ അംശമുണ്ട്. 100 ഗ്രാം പച്ചയിലയിൽ ഏകദേശം 180 മില്ലിഗ്രാം സയനൈഡ്, ഹൈഡ്രോ സയനിക് ആസിഡ് രൂപത്തിൽ അടങ്ങിയിട്ടുണ്ട്. 500-600 കിലോഗ്രാം ഭാരമുള്ള ഒരു പശുവിന് മരണകാരണമാകാൻ വെറും 300- 400 മില്ലിഗ്രാം സയനൈഡ് മതിയാകും.
വളർത്തുമൃഗങ്ങൾ വിഷസസ്യങ്ങൾ ധാരാളമായി കഴിക്കുകയോ വിഷബാധയേറ്റതായി സംശയം തോന്നുകയോ ചെയ്താൽ അടിയന്തര വെറ്ററിനറി സേവനം തേടണം. സയനൈഡ് വിഷത്തെ നിർവീര്യമാക്കാൻ ശേഷിയുള്ള സോഡിയം തയോസൾഫേറ്റ് ആരംഭഘട്ടത്തിൽ തന്നെ രോഗബാധയേറ്റ മൃഗങ്ങളിൽ കുത്തിവയ്ക്കുന്നത് ഏറെ ഫലപ്രദമാണ്. മേയാൻ വിടുമ്പോൾ സയനൈഡ് പോലുള്ള വിഷപദാർഥങ്ങൾ അടങ്ങിയ സസ്യങ്ങൾ പശുക്കൾ കഴിക്കുന്നത് തടയാൻ കർഷകർ ജാഗ്രത പുലർത്തണം. മരച്ചീനി ഇല, തണ്ട്, കപ്പയുടെ അവശിഷ്ടങ്ങൾ, കപ്പ വാട്ടിയ വെള്ളം തുടങ്ങിയവ പശുക്കൾക്ക് നൽകുന്നത് ഒഴിവാക്കണം.