തിരുവനന്തപുരം: അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്ന കാരണത്താല്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 10 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്ത് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഒബ്സ്റ്റസ്ട്രിക്സ് & ഗൈനക്കോളജി വിഭാഗം അസി. പ്രൊഫസര്‍ ഡോ. പി. രജനി, ജനറല്‍ മെഡിസിന്‍ വിഭാഗം അസി. പ്രൊഫസര്‍ ഡോ. രാജേഷ് ബേബി പാണിക്കുളം, ജനറല്‍ മെഡിസിന്‍ വിഭാഗം അസി. പ്രൊഫസര്‍ ഡോ. എ.വി. രവീന്ദ്രന്‍, പീഡിയാട്രിക് വിഭാഗം അസി. പ്രൊഫസര്‍ ഡോ. പി. മായ, ഒബ്സ്റ്റസ്ട്രിക്സ് & ഗൈനക്കോളജി വിഭാഗം അസി. പ്രൊഫസര്‍ ഡോ. സിന്ധു ആന്‍ കോര, ഒബ്സ്റ്റസ്ട്രിക്സ് & ഗൈനക്കോളജി വിഭാഗം അസി. പ്രൊഫസര്‍ ഡോ. വി.ബി. ബിന്ദു, ജനറല്‍ സര്‍ജറി വിഭാഗം അസി. പ്രൊഫസര്‍ ഡോ. റോണി ജെ. മാത്യു, ജനറല്‍ സര്‍ജറി വിഭാഗം അസി. പ്രൊഫസര്‍ ഡോ. സുനില്‍ സുന്ദരം, യൂറോളജി വിഭാഗം അസി. പ്രൊഫസര്‍ ഡോ. ജോണ്‍ കുര്യന്‍, കാര്‍ഡിയോ വാസ്‌കുലര്‍ & തൊറാസിക് സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അരുണ്‍ തങ്കപ്പന്‍ എന്നിവരേയാണ് സര്‍വീസില്‍ നിന്നും നീക്കം ചെയ്തതെന്ന് മന്ത്രി വ്യക്തമാക്കി.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന വിവിധ സര്‍ക്കാര്‍ മെഡിക്കല്‍, ദന്തല്‍ കോളേജുകളിലെ വിവിധ വിഭാഗങ്ങളില്‍പ്പെടുന്ന 50 ല്‍ പരം ഡോക്ടര്‍മാര്‍ അനധികൃതമായി ജോലിക്ക് ഹാജരാകാതെയിരിക്കുന്ന വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.>/p>
പല കാരണങ്ങളാലും കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗം രാജ്യത്തിനാകമാനം മാതൃകയായി നില്‍ക്കുന്ന ഈ ഘട്ടത്തില്‍ ഈ ഡോക്ടര്‍മാരുടെ ജോലിയില്‍ നിന്നുള്ള അനധികൃതമായ വിട്ടു നില്‍ക്കല്‍ മെഡിക്കല്‍ കോളേജുകളുടേയും അനുബന്ധ ആശുപത്രികളുടേയും പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ കര്‍ശന നടപടിയിലേക്ക് നീങ്ങിയത്.
ഇവര്‍ക്ക് ജോലിയില്‍ ഹാജരാകാനുള്ള അവസരങ്ങളും കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടും ചില ഡോക്ടര്‍മാര്‍ സര്‍വീസില്‍ പ്രവേശിച്ചിക്കാന്‍ തയ്യാറായില്ല. ചില ഡോക്ടര്‍മാരാകട്ടെ ജോലിയില്‍ പ്രവേശിച്ചതിന് ശേഷം വീട്ട് നില്‍ക്കുകയും ചെയ്യുന്നു. ഇത്തരം പ്രവണത മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ലാത്തതിനാലാണ് കര്‍ശന നടപടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.