ബയ്‌റുത്ത്: ലെബനനനിലെ സായുധസംഘവും രാഷ്ട്രീയശക്തിയുമായ ഹിസ്ബുള്ളയുടെ തലവനായി ഷേക്ക് നയീം കാസിമിനെ തിരഞ്ഞെടുത്തു. 30 വര്‍ഷത്തിലേറെയായി ഹിസ്ബുള്ളയിൽ പ്രവർത്തിച്ചുവരുന്ന മുതിർന്ന നേതാവാണ് നയീം കാസിം. ഹിസ്ബുള്ളയുടെ തലവനായിരുന്ന ഹസന്‍ നസ്രല്ല ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി ഷേക്ക് നയീം എത്തുന്നത്.
സെപ്റ്റംബർ 28-ന് ബയ്റുത്തിൽ നടത്തിയ ആക്രമണത്തിലാണ് ഹസന്‍ നസ്രല്ലയെ ഇസ്രയേല്‍ വധിച്ചത്. തെക്കന്‍ ബയ്‌റുത്തിലെ ദഹിയയിലുള്ള ഹിസ്ബുള്ള ആസ്ഥാനത്തിനുനേരെ നടന്ന ശക്തമായ വ്യോമാക്രമണത്തിലാണ് നസ്രല്ല കൊല്ലപ്പെട്ടത്. 1982-ലെ ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തിനു പിന്നാലെ ഹിസ്ബുള്ള സ്ഥാപിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചയാളായിരുന്നു ഹസന്‍ നസ്രല്ല.