യുവതിയെ കൊന്ന് ചാക്കിലാക്കി റോഡരികിൽ തള്ളി, ചീഞ്ഞ മാങ്ങയെന്ന് മറുപടി; കൊലപാതകം രാത്രി വൈകി എത്തിയതിന്

ലുധിയാന: യുവതിയെ കൊലപ്പെടുത്തി ചാക്കിലാക്കി റോഡിലുപേക്ഷിച്ച് ഭര്‍തൃവീട്ടുകാര്‍. ലുധിയാനയിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിനി രേഷ്മയെന്ന് മുപ്പതുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രേഷ്മയുടെ ഭര്‍തൃപിതാവ് കൃഷന്‍, ഭര്‍തൃമാതാവ് ദുലാരി, ബന്ധു അജയ് എന്നിവര്‍ അറസ്റ്റിലായി.

അനുവാദമില്ലാതെ യുവതി രാത്രി പുറത്തിറങ്ങിയതിന്റെ പേരില്‍ തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു എന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു. യുവതി വീട്ടിലെത്താന്‍ പത്ത് മണി അല്ലെങ്കില്‍ പതിനൊന്ന് മണിയാകുമെന്നും ഇത് തങ്ങള്‍ക്ക് ഇഷ്ടമല്ലായിരുന്നു എന്നും ഇവര്‍ പറഞ്ഞു.

യുവതിയെ കൊന്നതിന് ശേഷം കൃഷ്ണനും അജയും ചേര്‍ന്ന് മൃതദേഹം ചാക്കിലാക്കി, ബൈക്കില്‍ കയറ്റി. യുവതിയുടെ മൃതദേഹം റോഡരികില്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ പ്രദേശവാസികളുടെ ഇടപെടലിലാണ് കള്ളി വെളിച്ചത്തായത്‌. ചാക്കിലെന്താണ് എന്ന് ചോദിച്ചപ്പോള്‍ ചീഞ്ഞ മാങ്ങയാണെന്നായിരുന്നു ആദ്യം മറുപടി.

പിന്നീട് ചത്ത നായയെ ഉപേക്ഷിക്കാനെത്തിയതാണ് എന്നായി. ആളുകള്‍ ചാക്ക് പരിശോധിക്കാന്‍ തുടങ്ങുമ്പോഴേക്കും ഇരുവരും കടന്നു കളഞ്ഞു. തുടര്‍ന്ന് പോലീസ് ഇവരെ പിടികൂടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News