മുംബൈ: കനത്ത മഴയിൽ മുംബൈയിലും പരിസര പ്രദേശങ്ങളിലും കനത്ത വെള്ളക്കെട്ട്. തിങ്കളാഴ്ച പുലർച്ചെമുതൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. നഗരത്തിലെ ചില പ്രദേശങ്ങളിൽ 300 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി. അതിശക്തമായ മഴയും വെള്ളക്കെട്ടും ജനജീവിതം ദുസ്സഹമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മുംബൈ, താനെ, പാൽഘർ, കൊങ്കൺ ബെൽറ്റ് എന്നിവിടങ്ങളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സർക്കാർ, സ്വകാര്യ, മുനിസിപ്പൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വോർലി, ബന്ധാര ഭവൻ, കുർള ഈസ്റ്റ്, മുംബൈയിലെ കിങ്സ് സർക്കിൾ ഏരിയ, ദാദർ, വിദ്യാവിഹാർ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ദുരന്തനിവാരണത്തിനായി വിവിധ മേഖലകളിൽ എൻഡിആർഎഫ് ടീമുകളെ വിന്യസിച്ചതായി അധികൃതർ അറിയിച്ചു.
കനത്ത മഴയിൽ ട്രാക്കുകളിൽ മണ്ണ് മൂടിയതിനെത്തുടർന്ന് താനെ ജില്ലയിലെ കസറ, ടിറ്റ്‌വാല സ്റ്റേഷനുകൾക്കിടയിലുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. മുംബൈ ഡിവിഷനിലെ കല്യാൺ, കസറ സ്റ്റേഷനുകൾക്കിടയിലെ വെള്ളക്കെട്ട് കാരണം നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിടുകയും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
രണ്ട് മണിക്കൂറിലധികം മഴ പെയ്യാതിരുന്നാൽ വെള്ളക്കെട്ടിന് ശമനമുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു. എന്നാൽ, ദിവസം മുഴുവൻ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമോ അതിശക്തമോ ആയ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.