തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്കാൻ തയാറെന്ന് പരാതിക്കാരി. പൊലീസ് അയച്ച ഇ-മെയിലിന് മറുപടി ആയാണ് യുവതി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കെപിസിസിക്ക് അയച്ച ഇ- മെയിൽ ഡിജിപിക്ക് കൈമാറുകയും ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
മെയിലില് പരാതിക്കാരിയുടെ പേരുണ്ടായിരുന്നില്ല. തുടർന്ന് കേസെടുത്ത കാര്യം പൊലീസ് ഇ-മെയിലായി പരാതിക്കാരിയെ അറിയിക്കുകയായിരുന്നു. 2023ല് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഹോം സ്റ്റേ പോലുള്ള സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.
ബലാത്സംഗ കേസിൽ മൂൻകൂർ ജാമ്യം നിഷേധിക്കപ്പെട്ടതിന് പിന്നാലെ ഹൈക്കോടതിയെ സമീപിക്കാനാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നീക്കം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് രാഹുലിന്റെ മുൻകൂർ ജാമ്യ ഹർജി നിഷേധിച്ചത്. ഹൈക്കോടതി മുതിർന്ന അഭിഭാഷകനായ എസ് രാജീവാകും രാഹുൽ മാങ്കൂട്ടത്തിലിനായി ഹാജരാവുക.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനപരാതിയിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഉത്തരവ് പുറത്ത്. 22 പേജുള്ള ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. രാഹുലിന്റെ അഭിഭാഷകൻ ഉന്നയിച്ച ആരോപണങ്ങളും പ്രോസിക്യൂഷൻ വാദങ്ങളും ഉത്തരവിൽ പറയുന്നു.
പ്രതി ഉന്നത സ്വാധീനമുള്ള വ്യക്തിയാണെന്ന പ്രോസിക്യൂഷൻ വാദം കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എംഎൽഎ എന്ന പദവി ഉപയോഗിച്ച് കേസിൽ സ്വാധീനം ചെലുത്തുകയും സാക്ഷികളെയും പരാതിക്കാരെയും ഭീഷണിപ്പെടുത്തുകയും തെളിവ് നശിപ്പിക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി,. ഈ ഒറ്റ കാരണത്താലാണ് രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം നിഷേധിച്ചത്.
പദവി ദുരുപയോഗം ചെയ്തുകൊണ്ട് കേസിലെ സാക്ഷികളെയും പരാതിക്കാരെയും ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും പ്രതിക്ക് കഴിയുമെന്ന് കോടതി നിരീക്ഷിച്ചു. സമീപ ദിവസങ്ങളിലെ സംഭവവികാസങ്ങൾ പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചു, ഇത് ജാമ്യം നിഷേധിക്കുന്നതിന് ഒരു കാരണമായി. പ്രോസിക്യൂഷൻ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, ഈ ഘട്ടത്തിൽ തെളിവുകൾ സംബന്ധിച്ചുള്ള ഒരു വിലയിരുത്തലിലേക്ക് പോകാൻ കഴിയില്ലെന്നും, അത് അന്വേഷണം പൂർത്തിയാക്കി വിചാരണ ഘട്ടത്തിൽ മാത്രമേ നടത്താൻ കഴിയുമെന്നും കോടതി നിരീക്ഷിച്ചു.
ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ എഫ്ഐആർ കൂടി പരിഗണിച്ച് ജാമ്യം നിഷേധിക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പുതിയ പരാതി വന്നതോടെ പ്രതി സ്ഥിരം കുറ്റവാളിയാണ് എന്ന് പ്രോസിക്യൂഷൻ അഭിപ്രായപ്പെട്ടു. എന്നാൽ, രണ്ടാമത് ഒരു കേസ് വന്നു എന്നതുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ സ്ഥിരം കുറ്റവാളിയാണ് എന്ന് പറയാൻ കഴിയില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.


